മുംബൈ: സ്വന്തം ഫോൺ നന്പർ കൈമാറാതെതന്നെ അപരിചിതരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന വിപ്ലവകരമായ ‘യൂസർ നെയിം’ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്.
സുരക്ഷാരംഗത്തെ വലിയൊരു പോരായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി, ഉപയോക്താക്കൾക്ക് തങ്ങളുടെ തനതായ യൂസർ നെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള അവസരം വാട്സ്ആപ്പ് ഇപ്പോൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഈ ഫീച്ചർ ആഗോളതലത്തിൽ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്.
നിലവിൽ ലോകമെന്പാടും മൂന്നു ബില്യണിലധികം ഉപയോക്താക്കളുള്ള വാട്സ് ആപ്പിൽ, ഒരാളുടെ ഫോൺ നന്പർ കൈവശമുള്ള ആർക്കും അയാളെ നേരിട്ട് ബന്ധപ്പെടാൻ സാധിക്കുമായിരുന്നു. എന്നാൽ, മെറ്റയുടെ പുതിയ പരിഷ്കാരത്തോടെ, വരും നാളുകളിൽ ഫോൺ നന്പറിനു പകരം യൂസർ നെയിം മാത്രമുപയോഗിച്ച് ആളുകൾക്ക് നിങ്ങളെ കണ്ടെത്താനും സന്ദേശങ്ങൾ അയയ്ക്കാനും സാധിക്കും.
സ്വകാര്യത മുൻനിർത്തിയാണ് തങ്ങൾ ഈ ഫീച്ചർ രൂപകല്പന ചെയ്തിരിക്കുന്നതെന്നും, ഒരാൾക്ക് നിങ്ങളെ ആദ്യമായി ബന്ധപ്പെടണമെങ്കിൽ നിങ്ങളുടെ കൃത്യമായ യൂസർ നെയിംതന്നെ അറിഞ്ഞിരിക്കണമെന്നും വാട്സ്ആപ്പ് പ്രൊഡക്ട് വൈസ് പ്രസിഡന്റ് ആലിസ് ന്യൂട്ടൺ റെക്സ് വ്യക്തമാക്കി.
ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ആപ്പിൽ യൂസർ നെയിമുകൾ തെരഞ്ഞുപിടിക്കാനുള്ള പ്രത്യേക ഡയറക്ടറി ഉണ്ടായിരിക്കില്ല. കൂടാതെ, സെർച്ച് ബാറിൽ പേരുകൾ ടൈപ്പ് ചെയ്യുന്പോൾ അവ തനിയെ സജസ്റ്റ് ചെയ്യുകയുമില്ല. മൂന്നു മുതൽ 35 വരെ ക്യാരക്ടറുകൾ ഉള്ള യൂസർ നെയിമുകളാണ് ആളുകൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക.
പ്രശസ്ത വ്യക്തികൾ, സെലിബ്രിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാകുന്നതു തടയാൻ അത്തരം ഉയർന്ന പ്രൊഫൈലുള്ള പേരുകൾ വാട്സ്ആപ്പ് തനിയെ മുൻകൂട്ടി ബ്ലോക്ക് ചെയ്തു വയ്ക്കും. ആകർഷകമായ യൂസർ നെയിമുകൾ സ്വന്തമാക്കാൻ ഉപയോക്താക്കൾക്കിടയിൽ വലിയ മത്സരം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് കന്പനി ബുക്കിംഗ് നേരത്തേയാക്കിയത്.
മെറ്റയുടെ മറ്റു പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നിലവിൽ അക്കൗണ്ടുകളുള്ള ബിസിനസുകൾക്കും ക്രിയേറ്റർമാർക്കും അവരുടെ നിലവിലുള്ള യൂസർ നെയിമുകൾതന്നെ വാട്സ്ആപ്പിലും ക്ലെയിം ചെയ്യാനുള്ള മുൻഗണന ലഭിക്കും. നിലവിൽ വാട്സ്ആപ്പിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ വ്യക്തികളെ ബ്ലോക്ക് ചെയ്യുന്നതിലും അജ്ഞാത കോളുകൾ സൈലന്റ് ചെയ്യുന്നതിലും മാത്രമായി പരിമിതപ്പെട്ടിരിക്കേ, പുതിയ യൂസർ നെയിം ഫീച്ചർ ഉപയോക്താക്കളുടെ വ്യക്തഗത വിവരങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags : ‘Username’ instead of phone numbers