തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ഇലക്ട്രിക്ക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കാൻ കേരളം ഒരുങ്ങുന്നു.
സംസ്ഥാനത്തെ തുറമുഖങ്ങളുമായി ബന്ധപ്പെട്ടതും വ്യാവസായിക ചരക്കു നീക്കത്തിൽ വലിയ പങ്ക് വഹിക്കുന്നതുമായ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും സുപ്രധാനവുമായ ഇടനാഴികളിൽ ഒന്നായ ദേശീയ പാത-66ലാണ് ഈ സംരംഭം യാഥാർഥ്യമാകുന്നത്.
വൈദ്യുത ചരക്ക് ഗതാഗതം വേഗത്തിലാക്കാൻ ഉദ്ദേശിച്ചുള്ള പിഎം ഇ-ഡ്രൈവ് പദ്ധതിയുമായി സംസ്ഥാന ഏജൻസികളുടെ ഏകോപനത്തിലൂടെയാണ് ഇതു സാധ്യമാക്കുന്നത്.
വൈദ്യുത ചരക്ക് ഗതാഗതത്തിനായുള്ള സംസ്ഥാനത്തിന്റെ റോഡ്മാപ്പ് തയാറാക്കുന്നതിനായി സംസ്ഥാനത്തുനിന്നുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വൈദ്യുതി സ്ഥാപനങ്ങൾ, വൈദ്യുത വാഹന കമ്പനികൾ, ലോജിസ്റ്റിക്സ് ഓപ്പറേറ്റർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്ത ശില്പശാല ഇന്നലെ തിരുവനന്തപുരത്തു സംഘടിപ്പിച്ചു. മലിനീകരണം ഇല്ലാത്ത ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിൽ കേരളം വീണ്ടും നേതൃസ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്ന് ശില്പശാല വിലയിരുത്തി. പ്രധാന ദേശീയ, സംസ്ഥാന ഹൈവേകളിലായി ഇ-ട്രക്ക്, ഇ-ബസ് ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 2,000 കോടി രൂപ നീക്കിവച്ചിട്ടുള്ള പിഎം ഇ-ഡ്രൈവ് പദ്ധതി കേരളത്തിന്റെ ഈ മുന്നേറ്റത്തിനു കൂടുതൽ ശക്തി പകരും.
കെഎസ്ഇബിയും ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനും (ഐസിസിടി) സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയിൽ ‘പിഎം ഇ-ഡ്രൈവ് പദ്ധതിയോട് ചേർന്ന് കേരളത്തിന്റെ ഇ-ട്രക്ക് മേഖലയുടെ മുന്നോട്ടുള്ള പ്രയാണം’ എന്ന വിഷയത്തിൽ വിശദമായ ചർച്ചകൾ നടന്നു. മുന്നോട്ടുള്ള പാതയിൽ ഏകോപനം കൈവരിക്കാനും, വെല്ലുവിളികൾ വിലയിരുത്തി പ്രവർത്തിക്കാനും കേരളത്തിലെ ഇ-ട്രക്ക് മേഖലയുടെ വികാസം ലക്ഷ്യമിട്ടു പ്രവർത്തനയോഗ്യമായ പദ്ധതി രൂപപ്പെടുത്താനും തീരുമാനമായി.
സി വിഭാഗത്തിൽപ്പെടുന്ന സ്വകാര്യ ഭൂമികളിൽ പിഎം ഇ-ഡ്രൈവ് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നത് സുഗമമാക്കൻ ഉദ്ദേശിച്ചുള്ള ഒരു വെബ് പോർട്ടൽ വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി വികസിപ്പിച്ച ഈ പോർട്ടൽ, ഇത്തരത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭമാണ്.
Tags : Kerala first state electric truck corridor National Highway 66