ലോക ചാപ്റ്റർ 2ൽ നായകൻ ടൊവിനോ തന്നെ: സൂചന നൽകി തിരക്കഥാകൃത്ത് ശാന്തി
Friday, September 12, 2025 9:06 AM IST
ടൊവിനോ തോമസ് അവതരിപ്പിച്ച ചാത്തന്റെ കഥയാണ് ലോകയുടെ രണ്ടാം ഭാഗമെന്ന് സൂചന നൽകി സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ. ചിത്രം 200 കോടി കലക്ഷന്‍ നേടിയതിന് പിന്നാലെ ശാന്തി പങ്കുവച്ച സ്റ്റോറിയിലാണ് രണ്ടാം ഭാഗത്തിന്റെ സൂചനയുള്ളത്.
ലോക 200 കോടി നേടിയതിന്റെ സന്തോഷം അറിയിച്ചുകൊണ്ട് ടൊവീനോ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവച്ചിരുന്നു. ‘നമ്മ ജയിച്ചിട്ടോം മാരാ, ജയിച്ചിട്ടോം’ എന്ന സിനിമ ഡയലോഗോടുകൂടി സംവിധായകന് ഡൊമിനിക് അരുണിനെ ടാഗ് ചെയ്തായിരുന്നു ടൊവീനോയുടെ സ്റ്റോറി. ‘അടുത്തത് ടൊവീനോയുടെ ഊഴമാണെന്ന്’ ശാന്തി ബാലചന്ദ്രൻ മറുപടി നല്കി.
‘ടൊവീ, അടുത്തത് നിന്റെ ഊഴമാണ്. ക്യാപ്റ്റനും ടീമിനുമൊപ്പം കരുത്തുറ്റ സുഹൃത്തായി നില്‍ക്കുന്നതിന് നന്ദി’ എന്നായിരുന്നു ശാന്തിയുടെ മറുപടി. ഇതിന് പൊളിക്കും നുമ്മ എന്ന് മറുപടി നല്‍കിക്കൊണ്ട് ടൊവീനോ സ്റ്റോറി പങ്കുവച്ചു. ഇതോടെയാണ് രണ്ടാം ഭാഗം ടൊവീനോയുടെ ചാത്തന്റെ കഥയാകുമെന്ന ചര്‍ച്ചകള്‍ ഉയർന്നത്.
കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക റിലീസ് ചെയ്ത് 13 ദിവസത്തിനകമാണ് 200 കോടി ക്ലബ്ബിൽ ഇടം നേടിയത്. റിലീസ് ചെയ്ത ആദ്യ ആഴ്ചതന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.