1.14 ലക്ഷം രൂപയാണ് മുല്ലപൂവിന് പിഴയായി ചുമത്തിയത്; വിമാനത്താവളത്തിൽ സംഭവിച്ചത് പറഞ്ഞ് നവ്യ നായർ
Friday, September 12, 2025 11:02 AM IST
ഓസ്ട്രേലിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മുല്ലപ്പൂ കൈവശം വച്ചതിന് പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് നവ്യ നായർ. ബാഗിൽ ഒളിപ്പിച്ചല്ല മുല്ലപ്പൂ തലയില്‍ വച്ചാണ് താൻ യാത്ര ചെയ്തതെന്നും വലിയ പിഴവാണ് ഉണ്ടായതെന്നും എച്ച്ടി സിറ്റി സിംഗപ്പൂരിനോട് സംസാരിക്കവെ നവ്യ വ്യക്തമാക്കി.
സംഭവത്തില്‍ പിഴ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവ്യ ഓസ്ട്രേലിയന്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിന് മെയിൽ അയച്ചു.
‘‘ശരിക്കും ഞെട്ടിപ്പോയി. ഇതൊരു കാര്യമായ പിഴയാണ്. ബാഗിൽ ഒളിപ്പിച്ചു വച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്. അവ എന്റെ തലയിലായിരുന്നു. എന്നാൽ, യാത്രയ്ക്കു മുമ്പ് അത് ഡിക്ലയർ ചെയ്യാൻ വിട്ടുപോയി. ചെടികളുടെ ഭാഗങ്ങളും പൂക്കളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു എന്ന് അവർ പറഞ്ഞു. യാത്രയുടെ തുടക്കത്തിൽ പൂക്കൾ എന്റെ ബാഗിൽ വച്ചിരുന്നതുകൊണ്ട് സ്നിഫർ ഡോഗ്സ് അത് മണത്തു.
പണമടയ്ക്കാൻ 28 ദിവസത്തെ സമയമുണ്ട്. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ഓസ്ട്രേലിയൻ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിന് ഒരു മെയിൽ അയയ്ക്കാമെന്ന് അവർ എന്നോട് പറഞ്ഞു. അതുകൊണ്ട്, അന്ന് രാത്രി തന്നെ ഞാൻ അവർക്കൊരു മെയിൽ അയച്ചു. ഡിപ്പാര്‍ട്ട്മെന്റിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്.
സാധാരണ 300 ഡോളറാണ് പിഴ ഈടാക്കുന്നതെന്ന് പല ലേഖനങ്ങളിലും വായിച്ചിട്ടുണ്ട്. എന്നാൽ, എന്നിൽ നിന്ന് 1980 ഓസ്ട്രേലിയൻ ഡോളറാണ് (1.14 ലക്ഷം രൂപ) ഈടാക്കിയത്. അതിൽ 6 യൂണിറ്റെന്ന് എഴുതിയത് എന്താണെന്ന് അറിയില്ല.
ഇതൊരു രാജ്യത്തിന്റെ നിയമമാണ്, എനിക്ക് അത് അനുസരിക്കണം. അല്ലാതെ മറ്റു വഴിയില്ല. ഞാൻ അവരോട് അഭ്യർഥിക്കുകയും അത് മനഃപൂർവമായിരുന്നില്ലെന്ന് പറയാൻ ശ്രമിക്കുകയും ചെയ്തു. മാനുഷിക പരിഗണനയിൽ അവർക്ക് ആ പൂക്കൾ എടുത്ത് അവിടെ വയ്ക്കാമായിരുന്നു.
എനിക്ക് മറ്റ് ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടു തന്നെ അവർക്കെന്നെ വിട്ടയയ്ക്കാമായിരുന്നു, പക്ഷേ അത് ഉദ്യോഗസ്ഥരെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് എനിക്കതിൽ അഭിപ്രായം പറയാൻ കഴിയില്ല.’’നവ്യ നായരുടെ വാക്കുകൾ.
ഇതിന്റെ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനും തനിക്ക് കുറെയധികം സമയമെടുത്തുവെന്നും നവ്യ വെളിപ്പെടുത്തി. യാത്ര ചെയ്യുമ്പോൾ നമ്മൾ മറന്നു പോകുന്ന ഇത്തരം കാര്യങ്ങൾ തന്റെ അനുഭവത്തിൽ നിന്ന് പഠിക്കണമെന്നും താരം പറഞ്ഞു.
‘‘എനിക്കുണ്ടായ ഈ പ്രശ്നം നാട്ടിലും വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്, അതിനാൽ യാത്രയ്ക്കുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അവർ കൂടുതൽ ജാഗ്രത പുലർത്തും. ഈ നിയമങ്ങൾ തികച്ചും കർശനവും വളരെ കടുപ്പമുള്ളതുമാണ്. അതുകൊണ്ട് ഇത് അത്ര എളുപ്പമല്ല, ഡിക്ലറേഷൻ ഫോം എന്നത് യാത്രക്കാർക്ക് എളുപ്പത്തിൽ വിട്ടുപോയേക്കാവുന്ന ചെറിയൊരു ഫോം ആണ്.’’നവ്യ പറയുന്നു.