ബി. ഉണ്ണികൃഷ്ണൻ - നിവിൻ പോളി ചിത്രത്തിന് തുടക്കമായി
Friday, September 12, 2025 12:02 PM IST
നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ശ്രീഗോകുലം മൂവീസും ആർഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.
കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ ബാലചന്ദ്രമേനോൻ, സബിത ആനന്ദ്, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ, ഷറഫുദ്ദീൻ, സായ്കുമാർ, മണിയൻപിള്ള രാജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പുതുമുഖം നീതു കൃഷ്ണയാണ് നായിക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ കൃഷ്ണമൂർത്തി ആദ്യ ക്ലാപ്പും ദുർഗ ഉണ്ണികൃഷ്ണൻ സ്വിച്ച് ഓണും നിർവഹിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ്, ഭാരവാഹികളായ സുരേഷ് കുമാർ, സന്ദീപ്സേനൻ, സംവിധായകരായ ജി.എസ് വിജയൻ, അജയ് വാസുദേവ്, ഡാർവിൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിലിപ്പെടുന്ന ഈ ചിത്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹ നിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്.