ഒരു വർഷത്തിന് ശേഷം ആ രഹസ്യം വെളിപ്പെടുത്തി അജയന്റെ രണ്ടാം മോഷണം ടീം
Saturday, September 13, 2025 3:14 PM IST
ടൊവീനോ തോമസ് നായകനായെത്തിയ അജയന്റെ രണ്ടാം മോഷണത്തിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ജിതിൻ ലാൽ. മണിയന് എന്തു സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു ഭാഗം സിനിമയിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു.
ഒന്നാം വാർഷികത്തിൽ ആ രംഗം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. മണിയന്റെ കൂട്ടുകാരനായ കൊല്ലൻ നാണുവും മണിയനും ഒന്നിച്ചുള്ള സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്.
അതേസമയം മണിയന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് ഒരു പ്രീക്വൽ ഇറങ്ങാന് സാധ്യതയുണ്ടെന്നും സംവിധായകൻ ജിതിൻ ലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
‘‘എആർഎം എന്ന നമ്മുടെ സിനിമ റിലീസ് ചെയ്തിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് തിയറ്ററിൽ എത്തിയ നമ്മുടെ സിനിമ തിയറ്ററിൽ വലിയ ജന പിന്തുണയോടെ സ്വീകരിക്കപ്പെട്ടു എന്നതിനപ്പുറം ഇപ്പോഴും നമ്മുടെ സിനിമ പല കോണുകളിലും ചർച്ച ചെയ്യപ്പെടുന്നു എന്നത് ഏറെ ആത്മവിശ്വാസം നൽകുന്നു.
ടൊവിയുടെ അവിസ്മരണീയമായ പ്രകടനത്തിന്റെ വെളിച്ചത്തിൽ വൻ ജനശ്രദ്ധ പിടിച്ചു പറ്റിയ മണിയൻ എന്ന കഥാപാത്രത്തിന്റെ തിരിച്ച് വരവ് ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളും ഫോൺ കോളുകളും എനിക്ക് പലരിൽ നിന്നായി ലഭിക്കാറുണ്ട്. സുജിത്തേട്ടൻ മണിയന്റെ തിരിച്ചു വരവിനായുള്ള എഴുത്തിന്റെ തയാറെടുപ്പുകളിലാണ്. അതിന് മുമ്പ് നമ്മൾ മറ്റൊരു സിനിമ ചെയ്യാനുള്ള തിരക്ക് പിടിച്ച പണിപ്പുരയിലാണ്.
ഏറെ മുന്നൊരുക്കങ്ങൾ ആവശ്യമായി വരുന്ന ഈ സിനിമയും തികച്ച ജനപ്രിയ ഫോർമാറ്റിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, എആർഎം എന്ന സിനിമ തന്ന ആത്മവിശ്വാസം മാത്രമാണ് അതിനുള്ള കാരണം.
ഈയൊരു വേളയിൽ സിനിമ യാഥാർത്യമാക്കാൻ കൂടെ നിന്ന ഓരോ പ്രിയപ്പെട്ടവരോടും, അഭിനേതാക്കളോടും നമ്മുടെ സിനിമ ഏറ്റെടുത്ത പ്രിയ ജനങ്ങളോടും, പിന്തുണ നൽകിയ ദൃശ്യമാധ്യമങ്ങളോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നുള്ള യാത്രകളിലും ഏവരുടേയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണമെന്ന് ആഗ്രഹിച്ച് കൊണ്ട്. നിഗൂഡതകളുടെ താഴുകൾ തുറക്കാൻ മണിയൻ വരും.’’ജിതിന്റെ വാക്കുകൾ.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമിച്ചത്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് തിയറ്ററുകളിൽ എത്തിയത്. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാർ ആണ്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.