തമിഴകത്തെ ഇളക്കിമറിച്ച് വിജയ്യുടെ പര്യടനം
Saturday, September 13, 2025 3:51 PM IST
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ് നടനും ടിവികെ പാർട്ടി നേതാവുമായ വിജയ് നടത്തുന്ന സംസ്ഥാന പര്യടനത്തിന് തുടക്കമായി. തിരുച്ചിയിൽ നിന്നാണ് ടിവികെയുടെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം ആരംഭിച്ചത്. അരിയലൂരിൽ ഒരു പൊതു റാലിയോടെയാണ് പ്രചാരണം ആരംഭിച്ചത്.
കർശനമായ നിബന്ധനകളോടെയാണ് റാലിക്ക് പോലീസ് അനുമതി നൽകിയിരിക്കുന്നത്. റോഡ് ഷോകൾ, സ്വീകരണങ്ങൾ, വാഹനവ്യൂഹങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ 25 ഓളം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വിജയ്യുടെ പ്രചാരണ ബസിനെ അഞ്ച് വാഹനങ്ങളിൽ കൂടുതൽ പിന്തുടരാൻ പാടില്ല. എല്ലാ പാർട്ടി പ്രവർത്തകരും രാവിലെ 11:25 ന് അരിയല്ലൂർ പഴയ ബസ് സ്റ്റാൻഡിൽ എത്തണമെന്നും പൊതുജന സുരക്ഷ ഉറപ്പാക്കാൻ പാർട്ടി തന്നെ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും പോലീസ് നൽകിയ നിർദേശത്തിൽ പറയുന്നു.
അനധികൃത പ്രവേശനം തടയുന്നതിനായി നൂതന കാമറകൾ, ലൗഡ്സ്പീക്കറുകൾ, സംരക്ഷിത ഇരുമ്പ് റെയിലിംഗുകൾ എന്നിവ ഘടിപ്പിച്ച പ്രത്യേകം രൂപകൽപന ചെയ്ത ബസിലാണ് വിജയ് സഞ്ചരിക്കുക. "നിങ്ങളുടെ വിജയ്, ഞാൻ പരാജയപ്പെടില്ല' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉൾക്കൊള്ളുന്ന പ്രചാരണ ലോഗോ ടിവികെ യാത്രക്കായി പുറത്തിറക്കിയിട്ടുണ്ട്.
വിക്രവണ്ടിയിലും മധുരയിലുമായി നേരത്തെ നടത്തിയ രണ്ട് സംസ്ഥാന സമ്മേളനങ്ങൾക്ക് ശേഷമാണ് വിജയ് റോഡ് ഷോയിലേക്ക് കടക്കുന്നത്. തിരുച്ചിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ ജില്ലകളിൽ നിന്നുമുള്ള ടിവികെ പ്രവർത്തകർ രാവിലെ മുതൽ വേദിയിലേക്ക് എത്തിയിരുന്നു.
രാഷ്ട്രീയ നിരീക്ഷകർ തിരുച്ചിയെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിലെ പല നിർണായക തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ച നഗരമാണിത്. മുൻ മുഖ്യമന്ത്രി എം.ജി.ആർ എഐഎഡിഎംകെ യുടെ രണ്ടാം കോൺഫറൻസ് നടത്തിയത് തിരുച്ചിയിൽ വച്ചായിരുന്നു.
അദ്ദേഹം തന്റെ വിപ്ലവകരമായ നേട്ടമായി കാണുന്ന പോഷകസമൃദ്ധമായ ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ച് തിരുച്ചിയെ തമിഴ്നാടിന്റെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു.