ഇത്ര നന്ദിയില്ലാത്ത വർഗത്തെ ആദ്യമായാണ് കാണുന്നത്: മുള്ളൻകൊല്ലി സംവിധായകനെതിരെ വീണ്ടും അഖിൽ മാരാർ
Saturday, September 20, 2025 12:54 PM IST
മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന സിനിമ തിയറ്ററിൽ പരാജയപ്പെടാൻ കാരണം തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണെന്ന ആരോപണങ്ങൾക്കു മറുപടിയുമായി അഖിൽ മാരാർ.
താൻ മനസിലാക്കിയടത്തോളം 3,000- 4,000 പേരാണ് ചിത്രം ആകെ കണ്ടിരിക്കുന്നതെന്നും സംവിധായകന്റെ പരാജയം മറച്ചുവച്ച് തന്റെ തലയിലേക്കു കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും അഖിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ പറയുന്നു.
അഖിൽ മാരാറിന്റെ വാക്കുകൾ
‘‘പ്രിയമുള്ളവരെ വലിയ വിഷമത്തോടു കൂടിയാണ് ഈ വീഡിയോ ചെയ്യുന്നത്. ഈ നാട്ടിൽ നന്ദിയില്ലാത്ത ജനതയെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നന്ദിയില്ലാത്ത വര്‍ഗത്തെ ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്.
അത് ‘മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരാണ്. എന്നെ ഒരു സിനിമയിലേക്ക് പറ്റിച്ച് വിളിച്ച് അഭിനയിപ്പിച്ചതും പോരാഞ്ഞ്, ആ സിനിമയ്ക്കുവേണ്ട എല്ലാ സഹായങ്ങളുംചെയ്തുകൊടുത്തതിന് ശേഷം ശുദ്ധകള്ളത്തരങ്ങളും നെറികേടുകളും എഴുതിപ്പിടിപ്പിച്ചിരിക്കുകയാണ്.
എന്നെ വച്ച് സിനിമ ചെയ്യാൻ സാധിച്ചത് സംവിധായന്റെ ഭാഗ്യമാണ്, ഒരു കോടി രൂപയുടെ പ്രമോഷനാണ് നൽകിയതെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. ആ ഓഡിയോ ക്ലിപ്പിൽ നിങ്ങൾക്കതു കൃത്യമായി കേൾക്കാം.
ചിത്രം ഇറങ്ങുന്നതിന് രണ്ടുദിവസംമുമ്പ് എന്തുകൊണ്ട് തിയറ്ററുകളിൽ സിനിമ ലിസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചു കൊണ്ട് ഞാന്‍ വിളിച്ചതാണ്. ഇത്രയും വലിയ പ്രെമോഷന് ലഭിച്ചിട്ടും ചിത്രം ഇറങ്ങുന്ന തിയറ്ററുകളുടെ ലിസ്റ്റ് കിട്ടുന്നില്ല. ഏതൊക്കെ തിയറ്ററുകളിലാണ് ചിത്രം ഇറങ്ങുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. അത് ഞാന്‍ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് ഈ കേട്ടത്.
എന്നിട്ട് അദ്ദേഹം പറഞ്ഞതെന്താണ്, ഞാൻ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയതിൽ എനിക്കെതിരെ രാഷ്ട്രീയ വിരോധമുണ്ടെന്നു പറഞ്ഞു. അതുപോലെ രാജ്യദ്രോഹ പരാമർശം നടത്തിയതിന് എനിക്കെതിരെ വിരോധമുണ്ടെന്നു പറഞ്ഞു.
അങ്ങനെ നാട്ടില്‍ നടക്കുന്ന വിഷയങ്ങള്‍ക്കൊക്കെ പ്രതികരിക്കുന്നതുകൊണ്ട് എന്നോട് ആളുകള്‍ക്ക് വിരോധമുണ്ടാവും, അതാണ് ചിത്രത്തിന് ലഭിക്കുന്ന സ്വീകരണത്തില്‍ പ്രതിഫലിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഞാന്‍ മനസിലാക്കിയിടത്തോളം 3,000- 4,000 പേരാണ് ചിത്രം ആകെ കണ്ടിരിക്കുന്നത്. കണ്ടവര്‍ ആരും എന്റെ പ്രകടനത്തെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല. ഇവർ ഓരോരുത്തരും പറഞ്ഞത് ഈ സിനിമ കഴിഞ്ഞു കഴിഞ്ഞാൽ അഖിൽ മാരാർ സൂപ്പർസ്റ്റാർ ആണെന്നു പറഞ്ഞാൽ വിശ്വസിക്കും.
ഈ സംവിധായകന്റെ പേര് കേട്ടപ്പോള്‍ തന്നെ ഒരു കാരണവശാലും പ്രൊജക്ടിന്റെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞൊഴിഞ്ഞു. ഏതെങ്കിലും കാരണവശാൽ ഈ സിനിമ ചെയ്യണമെങ്കിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എനിക്കൊരു കാര്യം നിങ്ങൾ ചെയ്തു തരണമെന്നു പറഞ്ഞു. എന്റെ ശമ്പളം കുറച്ചിട്ടെങ്കിലും വയനാട് ഒരു പ്രമോഷൻ ഞാൻ പറഞ്ഞു.
ഞാന്‍ ഒരു ഉദ്ഘാടനത്തിന് വാങ്ങുന്നത് തുക എത്രയാണെന്ന് അറിയിച്ചിരുന്നു. അഞ്ച് ലക്ഷം രൂപ എനിക്ക് നല്കിയ ശേഷം ബാക്കി പണത്തിന് വയനാട്ടില്‍ വീട് വച്ചു കൊടുക്കാമെന്നു പറഞ്ഞു കൊണ്ട് തന്നെയാണ് ഈ സിനിമയുടെ ഭാഗമാകുന്നത്. ഈ സിനിമ എന്താകുമെന്നും എന്തായി തീരുമെന്നും അറിയിച്ചുകൊണ്ട് നിർമാതാവിനെ വിളിച്ചതിന്റെ വോയ്സ് റെക്കോർഡും എന്റെ കൈയിൽ ഉണ്ട്.
ബിലോ ആവറേജ് ആണെന്ന് ഈ സിനിമയെക്കുറിച്ച് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ചിത്രം ഗംഭീരമാണെന്ന് ഇവര്‍ തന്നെ പറഞ്ഞ് എന്നെ ആശയക്കുഴപ്പത്തിലാക്കിയപ്പോള്‍, എന്റെ വിലയിരുത്തല്‍ തെറ്റിയോ എന്ന് എനിക്കു തന്നെ സംശയം തോന്നി.
ഒരുപക്ഷേ ഞാനും വിചാരിച്ചുകാണും ഇവര്‍ പറയുന്നതാണ് ശരിയെന്ന്. അതിഗംഭീര സിനിമയെന്ന് ഇവര്‍ തന്നെ വിശേഷിപ്പിച്ചു. ഇത് പലയാവര്‍ത്തി എന്നോടു പറഞ്ഞു. ഞാന്‍ വരാന്‍ പോകുന്ന സൂപ്പര്‍സ്റ്റാര്‍ ആണെന്ന് പറഞ്ഞു പുകഴ്ത്തി.
നായകനായ അഭിഷേകിനെ മാറ്റി അഖില്‍ മാരാര്‍ ഇന്‍ എന്ന് പറഞ്ഞ് പോസ്റ്റര്‍ അടിച്ചിറക്കി. ബാബുജോണിനോട് ഞാന്‍ നേരിട്ട് ചോദിക്കുകയാണ്, ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ കട്ടുചെയ്തതുകൊണ്ടാണ് ഇപ്പോൾ ഈ വീഡിയോ വഴി ചോദിക്കുന്നത്.
അഭിഷേക് എന്ന ചെറുപ്പക്കാരനെ എന്ത് അടിസ്ഥാനത്തിലാണ് നായകസ്ഥാനത്തുനിന്ന് നിങ്ങള്‍ മാറ്റിയത്? അഖില്‍ മാരാര്‍ക്കെതിരേ രാഷ്ട്രീയവിരോധമുണ്ടെങ്കില്‍, അഖില്‍ മാരാര്‍ കേസുകളില്‍ പ്രതിയാണെന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അഭിഷേക് ശ്രീകുമാറിനെ ഒഴിവാക്കി എന്റെ പേരുമാത്രംവച്ചുകൊണ്ട് സിനിമയുടെ ആദ്യത്തെ പോസ്റ്റര്‍ ഇറക്കിയത്? ഇതിന്റെ പേരില്‍ അഭിഷേകും അണിയറപ്രവര്‍ത്തകരും തമ്മില്‍ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഭിഷേകിനെ ഒഴിവാക്കി ഇരിട്ടിയില്‍ ഫ്ലൈക്സ് പോലും വച്ചു.
അഭിഷേകിനെ ഈ സിനിമയിലേക്കു തിരിച്ചുകൊണ്ടുവരണം, ദയവുചെയ്ത് ആ ചെറുപ്പക്കാരനെ നശിപ്പിക്കാന്‍ ശ്രമിക്കരുത് എന്ന് ഞാന്‍ എത്രപ്രാവശ്യം പറഞ്ഞു?. അവന്റെ ഒരു ചെറിയ സിനിമയാണ്, അവന് നായകനായി വന്ന സിനിമയാണ്. അതില്‍ ചെറിയ വേഷം ചെയ്യാന്‍ വന്ന ഒരാള്‍ മാത്രമാണ് ഞാന്‍. ഒക്ടോബറിലാണ് ഈ സിനിമയിൽ ഞാൻ ജോയിൻ ചെയ്യുന്നത്.
ഓഗസ്റ്റിലാണ് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ എനിക്കെതിരെ കേസെടുക്കുന്നത്. കേസെടുത്ത എന്നെ എന്തിനാണ് ഈ സിനിമയിലേക്ക് വിളിച്ചത്. അതും ഷൂട്ട് തുടങ്ങി 10 ദിവസങ്ങൾക്കും ശേഷം വരുന്നില്ലെന്നു പറഞ്ഞ എന്നെ ഈയൊരു കാര്യം പറഞ്ഞ് സമ്മതിപ്പിച്ച് കൊണ്ടു വരുന്നത്. ഒരുപക്ഷേ സിനിമയുടെ വിജയത്തിനുശേഷം ചെയ്യാമെന്നായിരിക്കാം നിങ്ങൾ വിചാരിച്ച്. അതു നടന്നില്ലെങ്കിൽ ഇതുപോലുള്ള നെറികേടല്ല പറയേണ്ടത്.
ഒരു ടെക്നീഷ്യനെക്കുറിച്ചുപോലും വിശ്വസിച്ചല്ല ഞാന്‍ വന്നത്. ‘ഒപ്പം’ സിനിമയില്‍ പ്രവര്‍ത്തിച്ച ഫോര്‍മ്യൂസിക്സ് ആയിരിക്കും പശ്ചാത്തലസംഗീതം ചെയ്യുക എന്ന് പറഞ്ഞിരുന്നു. ഇങ്ങനെ പലകാര്യങ്ങളും പറഞ്ഞ്, ചിത്രം പുറത്തിറങ്ങിയപ്പോള്‍ എന്റെ തലയില്ക്കൊണ്ടുവച്ചുകെട്ടി. ചിത്രത്തെക്കുറിച്ച് പല റിവ്യൂവര്‍മാരും അതിഭീകര അഭിപ്രായങ്ങൾ പറയുകയും എന്റെ ബന്ധുക്കൾ പോലും ഈ പടത്തിൽ എന്തിനു തലവച്ചെന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോഴും ഒന്നും മിണ്ടതെ കേട്ടുകൊണ്ടിരുന്നു.
ഈ സിനിമ എന്ത് അടിസ്ഥാനത്തിലാണ് ഞാന്‍ കമ്മിറ്റി ചെയ്തതെന്ന് നിങ്ങള്‍ പറയണമെന്ന് ആ സമയത്തും ഞാന്‍ ആവശ്യപ്പെട്ടു. എത്രപ്രാവശ്യം ഞാന്‍ മെസേജ് അയച്ചു. അവസാനം ഒരു റിപ്ലൈ പോലും നിങ്ങള്‍ തരാതെയായി. തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും മാറി കണ്ണൂരില്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒന്നുരണ്ടു തിയറ്ററിലായ ഒതുങ്ങിയ സമയത്താണ്, എനിക്കെതിരായ പരിഹാസങ്ങള്‍ പരിധിക്കപ്പുറത്തേക്ക് കടന്നപ്പോഴാണ് ഞാന്‍ ഫെയ്സ്ബുക്കില്‍ യാഥാര്‍ഥ്യങ്ങള്‍ പറഞ്ഞുകൊണ്ട് പോസ്റ്റിടുന്നത്. നിങ്ങളെ ആരേയും ഞാന്‍ കുറ്റപ്പെടുത്തിയിരുന്നില്ല.
പകരം, ഞാന്‍ സിനിമയിലേക്ക് വരാനുള്ള കാരണം മാത്രമാണ് പറഞ്ഞത്. ആ കാരണം യാഥാര്‍ഥ്യമായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാം. ബാബു ജോണ്‍ അല്ല പലപ്പോഴും ഈ സിനിമ സംവിധാനം ചെയ്തത്. പ്രൊഡക്ഷന്‍ കണ്ട്രോളറും പല ആളുകളും സംവിധാനംചെയ്ത പടമാണ്. ഇതിന്റെ എഡിറ്റിങ്ങനെക്കുറിച്ച് ഇദ്ദേഹത്തിന് യാതൊന്നും അറിയില്ല. എഡിറ്റിംഗ് സ്ഥലത്ത് കൃത്യമായി പോയി ഇരുന്നിട്ട് പോലുമില്ല.
ആരാണ് എഡിറ്റ് ചെയ്തതെന്നും, ഡബ്ബിംഗ് സ്ഥലത്ത് എന്താണ് നടന്നത് എന്ന് എനിക്ക് അറിയാം. പരാജയപ്പെടുമെന്ന് ഉറപ്പായ സിനിമയ്ക്കു വേണ്ടി ഇത്രയും കഷ്ടപ്പെട്ടത് നിങ്ങൾക്ക് എന്തെങ്കിലും നല്ലതു വരട്ടെ എന്ന് ഓർത്താണ്.
എനിക്ക് ഈ സിനിമയില്‍ അഭിനയിച്ചതുകൊണ്ട് ഒന്നും വരാന്‍ പോകുന്നില്ല. മലയാള സിനിമയില്‍ അഭിനയിച്ചുമുന്നോട്ടുപോകണം എന്ന് ആഗ്രഹിക്കുന്ന ഒരാളല്ല. എനിക്ക് സിനിമ എഴുതാന്‍ അറിയാം, സംവിധാനംചെയ്യാന്‍ അറിയാം. ആ മേഖലയില്‍ എനിക്ക് മുന്നോട്ടുപോയാല്‍ മതി.
യൂട്യൂബിലും ഫെയ്സ്ബുക്കിലും ഇടുന്ന വീഡിയോകളിലൂടെ മാത്രം എനിക്ക് അഞ്ചും ആറും ലക്ഷം രൂപ മാസമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ആരുടേയും സഹായമില്ലാതെ ജീവിക്കാന്‍ കഴിയും എന്ന് ഉറച്ചബോധ്യമുള്ള ഞാന്‍ സത്യംവിട്ട് ഇന്നുവരെ ജീവിച്ചിട്ടില്ല, നാളേയും ജീവിക്കില്ല.
പറഞ്ഞകാര്യം ഈ രീതിയിൽ വളച്ചൊടിക്കരുതെന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു. നിങ്ങളുടെ പരാജയം മറച്ചുവച്ച് എന്റെ തലയിലേക്ക് അത് വച്ചു കെട്ടണ്ട.
വയനാട്ടിൽ ഒരു പാവപ്പെട്ടവന് വീടു കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ എന്നു കരുതിയാണ് ഈ സിനിമയിലേക്കു വരുന്നത്. അതും നിങ്ങളുടെ പൈസയ്ക്ക് ചെയ്യണെന്നു പറഞ്ഞില്ല. എനിക്കു നൽകേണ്ട പൈസയിൽ നിന്നും ബാക്കി വരുന്ന തുകയ്ക്ക് ചെയ്യണമെന്നാണ് പറഞ്ഞത്.