സന്തോഷതിമിർപ്പിൽ മലയാളക്കര; മോഹൻലാൽ ഇന്ന് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങും
Tuesday, September 23, 2025 8:16 AM IST
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.
തിങ്കളാഴ്ച രാത്രിയോടെ മോഹൻലാൽ ഡൽഹിയിലെത്തി. ഭാര്യ സുചിത്ര, നിർമാതാവ് ആന്റണി പെരുമ്പാവൂർ, താരത്തിന്റെ പേഴ്സണൽ സെക്രട്ടി സനിലും ഒപ്പമുണ്ട്.
ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാൽ ചടങ്ങിൽ ഏറ്റുവാങ്ങും. മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്കാരങ്ങൾ മലയാള താരങ്ങളായ വിജയരാഘവനും ഉർവശിയും ഏറ്റുവാങ്ങും.
സുദീപ്തോ സെൻ (ദ കേരള സ്റ്റോറി) ആണ് മികച്ച സംവിധായകൻ. "ഉള്ളൊഴുക്കാ’ണ് മികച്ച മലയാള ചിത്രം. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത "ട്വൽത്ത് ഫെയിൽ’ആണ് മികച്ച ഫീച്ചർ സിനിമ. ഷാരൂഖ് ഖാൻ (ജവാൻ), വിക്രാന്ത് മാസ്സി (ട്വൽത്ത് ഫെയിൽ) എന്നിവരാണു മികച്ച നടന്മാർ. "മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജിയാണു മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്.
"പൂക്കാലം’ സിനിമയിലൂടെ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മിഥുൻ മുരളിയും ഏറ്റുവാങ്ങും. കേന്ദ്രവാർത്താവിതരണ- പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഉൾപ്പെടെയുള്ള വിശിഷ്ടവ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.