‘കാന്താര കാണാൻ വരുന്നവർ മദ്യപിക്കരുത്, മാംസം കഴിക്കരുത്’; വിശദീകരണവുമായി ഋഷഭ് ഷെട്ടി
Tuesday, September 23, 2025 10:42 AM IST
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കാന്താര സിനിമ കാണാൻ വരുന്നവർ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ എന്നെഴുതിയ പോസ്റ്റർ വ്യാജമെന്ന് ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി.
കാന്താര കാണാൻ വരുന്നവർ മത്സ്യമാംസാദികളോ മദ്യമോ ഉപയോഗിക്കരുത് എന്ന തരത്തിൽ ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്നാണ് ഋഷഭ് പറഞ്ഞത്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രസ് മീറ്റിലാണ് റിഷഭ് ഷെട്ടി ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. ആളുകളുടെ ഭക്ഷണരീതികളെയോ ശീലങ്ങളെയോ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും, ഇത് ആരോ മനഃപൂർവം വൈറലാക്കാൻ വേണ്ടി ചെയ്ത വ്യാജ പോസ്റ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
""ഒക്ടോബർ രണ്ടിന് കാന്താര കാണാൻ തിയറ്ററിൽ വരുന്നവർ ദൈവികമായ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധിക്കുക. മദ്യപിക്കാൻ പാടില്ല, പുകവലിക്കാൻ പാടില്ല, മാംസ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല, ഇത്രയും കാര്യങ്ങൾ സിനിമ തിയറ്ററിൽ കാണുന്ന ദിവസം പാലിക്കാൻ ശ്രദ്ധിക്കുക.
ഇക്കാര്യങ്ങൾ വ്യക്തമാക്കി ഗൂഗിൾ ഫോം പൂരിപ്പിച്ചതിനു ശേഷം നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.’’ ഇത്തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്ററിൽ എഴുതിയിരുന്നത്.
പോസ്റ്റർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഒരു വിഭാഗം പ്രേക്ഷകരും ഇത് ഏറ്റെടുത്തു. വ്രതം എടുത്ത് കാന്താര കാണാൻ ആരൊക്കെ ഉണ്ട് എന്ന തരത്തിലുള്ള ഹാഷ്ടാഗുകളും പ്രചരിച്ചു. ഇതോടെയാണ് ഈ പോസ്റ്റർ വ്യാജമാണെന്ന തരത്തിൽ ഋഷഭ് ഷെട്ടി പ്രതികരിച്ചത്.
""പുകവലി പാടില്ല, മദ്യപിക്കരുത്, മാംസം കഴിക്കാൻ പാടില്ല എന്ന പോസ്റ്റർ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ ഈ വിവരം പ്രൊഡക്ഷൻ ടീമുമായി ക്രോസ് ചെക്ക് ചെയ്തു. പ്രശസ്തി നേടാനായി ആരോ വ്യാജമായി നിർമിച്ച പോസ്റ്റർ ആണത്.
ആളുകളുടെ ഭക്ഷണരീതികളെയോ ശീലങ്ങളെയോ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല, ഇത് ആരോ മനഃപൂർവം വൈറലാക്കാൻ വേണ്ടി ചെയ്ത വ്യാജ പോസ്റ്ററാണ്. ഈ പോസ്റ്റുമായി ഞങ്ങളുടെ ടീമിന് യാതൊരു ബന്ധവുമില്ല. ഈ പോസ്റ്ററിൽ കഴമ്പില്ലാത്തതുകൊണ്ട് അതിനെതിരെ പ്രതികരിക്കേണ്ടതില്ലെന്നും ഞങ്ങൾ കരുതുന്നു.’’പ്രസ് മീറ്റിനിടെ ഋഷഭ് ഷെട്ടി പറഞ്ഞു.
ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിരവധി അസത്യ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.