ശക്തിമാനു വേണ്ടി ബേസില് ജോസഫ് പാഴാക്കിയത് രണ്ടു വർഷം: വെളിപ്പെടുത്തി അനുരാഗ് കശ്യപ്
Tuesday, September 23, 2025 12:18 PM IST
ശക്തിമാൻ എന്ന സൂപ്പർ ഹീറോ ചിത്രത്തിന് വേണ്ടി ബേസിൽ ജോസഫ് ബോളിവുഡിൽ പാഴാക്കിയത് രണ്ടുവർഷമാണെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്.
ശക്തിമാനു വേണ്ടി കാത്തിരുന്ന് തന്റെ രണ്ടുവർഷം പാഴായെന്നും ഈ ഇൻഡസ്ട്രിയിൽ നിങ്ങൾ എങ്ങനെ പിടിച്ചുനിൽക്കുന്നു എന്ന് ബേസിൽ ജോസഫ് ചോദിച്ചെന്നും ‘ചൽച്ചിത്ര ടോക്സ്’ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറയുന്നു.
‘‘ഒരു അവാർഡ് ഫംഗ്ഷന് പോയപ്പോൾ ഞാൻ സംവിധായകനും നടനുമായ ബേസിൽ ജോസഫിനെ കണ്ടു. ബേസിൽ ഒരു മികച്ച നടനാണ്. പൊന്മാൻ, മിന്നൽ മുരളി തുടങ്ങിയ സിനിമകൾ പോലെ സാധാരണ മനുഷ്യരുടെ ഹീറോയായും, വില്ലനായും ഒക്കെ പല വേഷങ്ങളിൽ മികവുറ്റ അഭിനയം കാഴ്ചവയ്ക്കുന്ന ഇതുപോലെ മറ്റൊരു നടനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
വെറും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത്രയധികം വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്ത ബേസിലിനോട് ഇത് എങ്ങനെ സാധിക്കുന്നു എന്ന് ഞാൻ ചോദിച്ചു.
പക്ഷേ ശക്തിമാനു വേണ്ടി തന്റെ ജീവിതത്തിലെ വിലയേറിയ രണ്ടുവർഷം പാഴാക്കി എന്നാണ് ബേസിൽ എന്നോട് പറഞ്ഞത്. ഈ ഇൻഡസ്ട്രിയിൽ നിങ്ങൾ എങ്ങനെയാണ് പിടിച്ചുനിൽക്കുന്നത്? എന്ന ബേസിൽ എന്നോട് ചോദിച്ചു.
ഇവിടെ എനിക്ക് തോന്നുന്ന അതേ കാര്യമാണ് ബേസിലും പറഞ്ഞത്. എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാൻ മാറിനിന്നതെന്ന്’ അദ്ദേഹത്തോടു മറുപടിയായി പറഞ്ഞു. ആ മനുഷ്യൻ തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട രണ്ടുവർഷം പാഴാക്കി. ചിരിച്ചുകൊണ്ടാണ് ബേസിൽ എന്നോട് സംസാരിച്ചത്.’’ അനുരാഗ് കശ്യപ് പറഞ്ഞു.
രൺവീർ സിംഗിനെ നായകനാക്കി സോണി പിക്ചേഴ്സ് നിർമിക്കുന്ന ശക്തിമാൻ എന്ന ചിത്രം ബേസിൽ ജോസഫ് സംവിധാനം ചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ കുറേക്കാലമായി ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.