ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം; ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് കത്രീന കൈഫ്
Tuesday, September 23, 2025 12:49 PM IST
ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങി താരദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും. ഗർഭിണിയാണെന്ന് സ്ഥിരികരിച്ചുകൊണ്ടുള്ള ചിത്രം കത്രീന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കത്രീനയുടെ നിറവയറിൽ വിക്കി സ്നേഹവാത്സല്യങ്ങളോടെ പിടിച്ചുനിൽക്കുന്ന ചിത്രമാണ് താരം ഒരു കുറിപ്പിനൊപ്പം ആരാധകർക്കായി പങ്കുവച്ചത്.
സന്തോഷവും കൃതജ്ഞതയും നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കുന്നു എന്നാണ് കത്രീന കുറിച്ചത്.
കുഞ്ഞ് ജനിച്ചാലുടൻ കത്രീന സിനിമയിൽനിന്ന് ദീർഘ അവധിയെടുക്കുമെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. കുഞ്ഞിന്റെ കാര്യങ്ങൾ നേരിട്ട് നോക്കി വളർത്തുന്ന അമ്മയാകാനാണ് ആഗ്രഹിക്കുന്നതെന്ന് കത്രീന നേരത്തേ സൂചിപ്പിച്ചിരുന്നു.
2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും പ്രണയകഥ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
പൊതുവേദികളിൽ ഇരുവരും അധികം അടുപ്പമില്ലാതെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത് പക്ഷേ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ താൻ വിക്കി കൗശലിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കത്രീന വെളിപ്പെടുത്തിയതോടെയാണ് ഈ ബന്ധം ശ്രദ്ധേയമാകുന്നത്. ഇത് കേട്ടറിഞ്ഞ വിക്കി ആ വേദിയിൽ വച്ച് തന്നെ അത്ഭുതത്തോടെ പ്രതികരിച്ചത് ആരാധകർക്കിടയിൽ വൈറലായിരുന്നു.
വളരെ സ്വകാര്യമായി സൂക്ഷിച്ച അവരുടെ പ്രണയം, 2021 ഡിസംബർ ഒൻപതിന് രാജസ്ഥാനില് വച്ചു നടന്ന രാജകീയ വിവാഹത്തിലൂടെയാണ് ലോകം അറിഞ്ഞത്.