റിയൽ "ഒജി', മോഹൻലാൽ ഇതിഹാസം: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Wednesday, September 24, 2025 8:33 AM IST
ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. മോഹൻലാൽ ഒരു ഉഗ്രൻ നടനാണെന്നും ഇന്ന് കൈയടി കൊടുക്കേണ്ടത് അദ്ദേഹത്തിനാണെന്നും മന്ത്രി പറഞ്ഞു.
‘ഇത്രയും മികച്ച ചിന്തോദ്ദീപകമായ തിരഞ്ഞെടുപ്പിന് ജൂറിക്ക് നന്ദി. പുരസ്കാരം നേടിയ എല്ലാവരും വലിയ കയ്യടി അർഹിക്കുന്നവരാണ്. എല്ലാവർക്കും അഭിമനന്ദനങ്ങൾ. ഇന്ന് ഏറ്റവും വലിയ കൈയടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽജീക്കാണ്. താങ്കളൊരു ഉഗ്രൻ ആക്ടർ ആണ്.
യഥാർത്ഥ ഇതിഹാസം! വലിയൊരു കൈയടി അദ്ദേഹത്തിന് നൽകണം! ഈ ശബ്ദമൊന്നും പോരാ... വലിയ ആരവങ്ങളോടെ കൈയടി നൽകണം. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.’മന്ത്രി പറഞ്ഞു.
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി കുടുംബസമേതമാണ് മോഹൻലാൽ എത്തിയത്. സദസിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായ ഷാരുഖ് ഖാന് അടുത്തായിരുന്നു മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും ഇരിപ്പിടം.
അഞ്ച് പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഉള്ളൊഴുക്കിനായി സംവിധായകാൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ എം.കെ.രാംദാസ് സംവിധാനം ചെയ്ത നെകല് തെരഞ്ഞെടുക്കപ്പെട്ടു.
നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നെകലിനായി എം.കെ.രാംദാസ് പുരസ്കാരം സ്വീകരിച്ചു. പൂക്കാലം എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്ററിനുള്ള പുരസ്കാരം മിഥുൻ മുരളി ഏറ്റുവാങ്ങി.