അമ്മയ്ക്ക് രണ്ടാമതും അവാർഡ് ലഭിക്കുന്നത് നേരിൽ കാണാനായി, മഹാഭാഗ്യം; കുഞ്ഞാറ്റ
Wednesday, September 24, 2025 11:39 AM IST
അമ്മ ദേശീയ അവാർഡ് സ്വീകരിക്കുന്നത് നേരിൽ കാണാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് നടി ഉർവശിയുടെ മകൾ തേജലക്ഷ്മി.
ഉർവശി തന്റെ രണ്ടാമത്തെ ദേശീയ അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ തേജലക്ഷ്മിയും ഉണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നായിരുന്നു അത് എന്ന് തേജലക്ഷ്മി സമൂഹമാധ്യമത്തിൽ കുറിച്ചു. അമ്മയോടൊത്തുള്ള ചിത്രത്തിനൊപ്പമായിരുന്നു തേജലക്ഷ്മിയുടെ കുറിപ്പ്.
‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്, അതിശയകരവും അഭിമാനകരവുമായ നിമിഷം. അമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് രണ്ടാമതും ലഭിക്കുന്നത് നേരിൽ കണ്ടത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി തോന്നി.
ആ ഘട്ടത്തിന് സാക്ഷ്യം വഹിക്കാൻ, അവിടെ ഉണ്ടായിരിക്കാൻ, എല്ലാറ്റിനുമുപരി, മലയാള സിനിമയെ പ്രതിനിധീകരിച്ച് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നമ്മുടെ ലാലേട്ടന് ലഭിക്കുന്നത് കാണാൻ എനിക്ക് ഭാഗ്യമുണ്ടായി. നമുക്കെല്ലാവർക്കും ശരിക്കും അഭിമാനകരമായ നിമിഷം...’’ തേജലക്ഷ്മിയുടെ വാക്കുകൾ.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉർവശിക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചത്. മുൻപ് ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയിലെ അഭിനയത്തിനും ഉർവശിക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
അതേസമയം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലാണ് തേജലക്ഷ്മി നായികയാകുന്നത്. സർജാനോ ഖാലിദ് ആണ് ചിത്രത്തിലെ നായകൻ.