പുരസ്കാരനേട്ടത്തിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വസതിയിലെത്തി വിജയരാഘവൻ
Wednesday, September 24, 2025 3:16 PM IST
സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയിരിക്കുമ്പോൾ ദേശീയ പുരസ്കാരം വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നടൻ വിജയരാഘവൻ. സുരേഷ്ഗോപിയുമായി നാലുപതിറ്റാണ്ടിന്റെ സൗഹൃദമുണ്ടെന്നും അതിപ്പോഴും തുടരുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.
മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം സ്വീകരിച്ച ശേഷം ഡൽഹിയിലെ സുരേഷ് ഗോപിയുടെ വസതിയിൽ എത്തിയതായിരുന്നു അദ്ദേഹം.
‘‘സുരേഷ് ഗോപിയും ഞാനും ഒക്കെ ഒന്നിച്ച് സിനിമയിൽ വന്ന ആൾക്കാരാണ്. ന്യൂഡൽഹി എന്ന സിനിമയിൽ ഇവിടെ മുഴുവൻ ഞങ്ങൾ സുരേഷ് ഗോപിയെ ഇട്ട് ഓടിക്കുന്ന ഒരു സീൻ ഉണ്ട്. ഡൽഹി മുഴുവൻ മിക്കവാറും ഞങ്ങൾ ഓടിയിട്ടുണ്ട് അന്ന്.
ഇപ്പോൾ അതൊക്കെ ഓർത്തുപോകുന്നു. അങ്ങനെ സുരേഷുമായിട്ടുള്ള എന്തെല്ലാം ഓർമകൾ. അതിനുമുൻപും സുരേഷിനോടൊത്ത് അഭിനയിച്ചിട്ടുണ്ട്.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ ഒരു അവാർഡ് വാങ്ങാൻ ഇവിടെ വരിക എന്നതൊക്കെ വലിയ ഭാഗ്യം തന്നെയാണ്.
സുരേഷ് ഇങ്ങനെ ഒരു മന്ത്രിയായി ഇവിടെ ഇരിക്കുമെന്നൊ എനിക്ക് ഇങ്ങനെ ഒരു അവാർഡ് കിട്ടുമെന്നോ ഒന്നും ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇതൊക്കെ ജീവിതത്തിലെ അപ്രതീക്ഷിത ഭാഗ്യങ്ങളാണ്.
ഇപ്പോൾ ലാലിനും എന്നോടൊപ്പം ഇവിടെ വന്ന് അവാർഡ് വാങ്ങാൻ കഴിഞ്ഞു, അത് ദാദാസാഹിബ് ഫാൽക്കേ അവാർഡ് ആണ്. ആ ഒരു ഭാഗ്യവും ലഭിച്ചു. ഏറ്റവും ചെറുപ്പമായിട്ടുള്ള ഒരാൾക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ് കിട്ടുന്നത് ആദ്യമായി ലാലിന് ആണെന്ന് തോന്നുന്നു. അതിനൊപ്പം എനിക്കും ദേശീയ അവാർഡ് വാങ്ങാൻ കഴിഞ്ഞത് ഭാഗ്യമാണ്.
മലയാള സിനിമയ്ക്ക് കുറേ അവാർഡുകൾ ഉണ്ട്, എന്റെ കൂടെ അവാർഡ് വാങ്ങാൻ ഉർവശിയുണ്ട്. ദേശീയ അവാർഡ് കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. സത്യം പറഞ്ഞാൽ സിനിമയിൽ അഭിനയിക്കുമെന്ന് വരെ വിചാരിച്ചിട്ടില്ലാത്ത ആളാണ്.
നാടകം ആയിരുന്നു എന്റെ തട്ടകം, അതാണ് എന്റെ പ്രഫഷനായി ഞാൻ കരുതിയിരുന്നത്. എങ്ങനെയോ സിനിമയിൽ വന്നു, ഇപ്പോൾ 50 വർഷത്തോളമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്, 43 വർഷമായി തുടർച്ചയായി അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയ്ക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പറ്റി, ഇപ്പോൾ ദേശീയ അവാർഡും കിട്ടി.
‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയിൽ സുരേഷ് ഗോപിയോടൊപ്പം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ ഇടയ്ക്ക് കാണാറുണ്ട്, സൗഹൃദം പുതുക്കാറുണ്ട്, ഇടയ്ക്ക് അല്ലാതെ ഫോണിൽ വിളിക്കാറുണ്ട്, പഴയതുപോലെ തന്നെയുള്ള സൗഹൃദം ഇപ്പോഴും സുരേഷ് ഗോപിയോട് ഉണ്ട്.
സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനാണെന്ന് സുരേഷ് തന്നെ ഇടയ്ക്ക് പറഞ്ഞിട്ടുണ്ട്. ഒന്നുമല്ലാതിരുന്ന കാലത്ത് പരിചയപ്പെട്ട സുഹൃത്തുക്കളാണ്. ആ സൗഹൃദം എന്നും നിലനിൽക്കുന്നു.'' വിജയരാഘവൻ പറഞ്ഞു.