ചിലർക്ക് ഈ വാർത്ത സന്തോഷമായിരിക്കും; നടൻ കിച്ചുവുമായി വേർപിരിയുകയാണെന്ന് നടി റോഷ്ന ആൻ റോയ്
Tuesday, September 30, 2025 2:42 PM IST
നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹ മോചിതരായി. അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം.
ഒരുമിച്ച് ചിലവഴിച്ച അഞ്ചു മനോഹര വർഷങ്ങൾക്ക് ശേഷം ഞങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാൻ തീരുമാനിച്ചെന്നും രണ്ടു വ്യത്യസ്ത വഴികളിലൂടെ സമാധാനത്തോടെ ജീവിക്കാനാണ് തീരുമാനമെന്നും റോഷ്ന പറഞ്ഞു.
റോഷ്ന ആൻ റോയിയുടെ വാക്കുകൾ
സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കാൻ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നത്. പക്ഷേ, ഇതു വെളിപ്പെടുത്താൻ ശരിയായ സമയം ഇതെന്നു തോന്നി. ഞങ്ങൾ രണ്ടു പേരും ജീവനോടെ ഉണ്ട്, രണ്ട് വ്യത്യസ്തമായ വഴികളിലൂടെ സമാധാനത്തോടെ ഞങ്ങൾക്ക് ജീവിതം തുടരേണ്ടതുണ്ട്.
ശരിയാണ്, എന്തു പറഞ്ഞാലും രക്തബന്ധമാണല്ലോ എല്ലാത്തിലും വലുത്! അതുകൊണ്ടാണ് ഞാൻ വഴി മാറിയത്. നിങ്ങൾ ആഗ്രഹിക്കുന്ന ഇടം നൽകുകയും ചെയ്തു. ഞാൻ സ്വതന്ത്രയാണ്. അദ്ദേഹം സ്വതന്ത്രനാണ്. എല്ലാവർക്കും ഞാൻ സമാധാനം ആശംസിക്കുന്നു. ഇക്കാര്യം പുറത്തു വന്നു പറയുക എന്നത് എളുപ്പമായിരുന്നില്ല. ചിലർക്ക് സന്തോഷമായേക്കാം. അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
പല കാര്യങ്ങൾ കൊണ്ടും ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. കിച്ചുവും ഞാനും ഒരു കാലത്ത് ഒരുമിച്ചായിരുന്നു. ഇപ്പോൾ വഴിപിരിഞ്ഞു. ജീവിതം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി. ഇക്കാര്യം മറച്ചു വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരോടും ഒരു അപക്ഷയുണ്ട്, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും വേർപിരിഞ്ഞ് സമാധാനമായി ജീവിക്കാനും അനുവദിക്കണം.
ഒരു ആമുഖ കുറിപ്പിനൊപ്പമായിരുന്നു റോഷ്ന ഔദ്യോഗികമായി വേർപിരിയുന്ന വിവരം പങ്കുവച്ചത്.
ഇത് ഔദ്യോഗികമായിരിക്കുന്നു. ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വർഷങ്ങൾക്ക് ശേഷം, ഞങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാൻ തീരുമാനിച്ചു. മനോഹരമായ ഓർമകൾക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തിൽ പുതിയ അധ്യായങ്ങൾ ആരംഭിക്കുമ്പോൾ, നിങ്ങളുടെ പ്രാർഥനകളും സ്വകാര്യതയും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
അതെ, രക്തബന്ധമാണ് എല്ലാത്തിനെക്കാൾ വലുത്. അതുകൊണ്ടാണ് ഞാൻ മാറിനിന്ന്, നിങ്ങൾക്കാവശ്യമുള്ള എല്ലാ ഇടവും നൽകിയത്. ഞാൻ സ്വതന്ത്രയാണ്, അവനും സ്വതന്ത്രനാണ്, എല്ലാവർക്കും സമാധാനം നേരുന്നു.
ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു, പല രീതികളിലും ഞങ്ങൾ ഇപ്പോഴും അങ്ങനെയാണ്. സെപ്റ്റംബർ 30, എന്റെ അച്ഛനെ നഷ്ടപ്പെട്ട ദിവസം, എന്റെ ജീവിതത്തിലെ ആദ്യത്തെ വേദന. ഇന്ന്, ഞാൻ മറ്റൊരു അവസാനത്തിന് സാക്ഷ്യം വഹിക്കുന്നു, മുന്നോട്ട് പോകുന്നു…നഷ്ടങ്ങളിൽ നിന്ന് നഷ്ടങ്ങളിലേക്ക്, ഞാൻ ഉയർത്തെഴുന്നേൽക്കാൻ തിരഞ്ഞെടുക്കുന്നു.
ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ.
അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസിൽ എത്തിയത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.