സാധാരണ എല്ലാം പരാജയമാണല്ലോ, ഇതിലെങ്കിലും വിജയിക്കണം; കൃഷിയിലേക്കിറങ്ങിയ ധ്യാനിനെ ട്രോളി ശ്രീനിവാസൻ
Wednesday, October 1, 2025 9:54 AM IST
ശ്രിനീവാസന്റെ കൃഷിയിലുള്ള താൽപര്യം മലയാളക്കരയിൽ പ്രസിദ്ധമാണ്. അത്തരത്തിലിതാ അച്ഛന്റെ പാത പിന്തുടർന്ന് കൃഷിയിലേയ്ക്കിറങ്ങിയിരിക്കുകയാണ് മകനും നടനുമായ ധ്യാൻ ശ്രീനിവാസനും. കൊച്ചി കണ്ടനാട് പുന്നച്ചാലിലെ വീടിനോട് ചേർന്നുള്ള പാടശേഖരത്ത് താരം വിത്ത് വിതച്ചു.
ശ്രീനിവാസന്റെ നേതൃത്വത്തിൽ വർഷങ്ങളായി കൃഷി നടന്നിരുന്ന പാടത്താണ് ഇത്തവണ ധ്യാനിന്റെ നേതൃത്വത്തിൽ നെൽകൃഷി നടക്കുന്നത്. 80 ഏക്കർ ഭൂമിയിലാണ് കൃഷി.
കർഷകൻ ആയി വരികയയാണ് ഞാൻ. വർഷങ്ങളായി അച്ഛൻ ചെയ്തുവരുന്ന കാര്യം അദ്ദേഹത്തിന്റെ താത്പര്യ പ്രകാരം ഞാൻ ഏറ്റെടുക്കുകയാണ്. ഇവരെന്നെ വിളിച്ചു, ഞാൻ ഇതിന്റെ ഭാഗമായി, ഇറങ്ങി പണിയെടുക്കുന്നില്ലെന്നു മാത്രം.
കഴിഞ്ഞ വർഷത്തെ കൊയ്ത്തിന്റെ സമയം ഞാനും ഇവിടെയുണ്ടായിരുന്നു. ചോറാണ് എന്നും കഴിക്കുന്നത് എന്നതു തന്നെയാണ് കൃഷിയിലേക്ക് ഇറങ്ങാനുള്ള പ്രചോദനം. ദിവസവും എഴുന്നേൽക്കുമ്പോൾ വീട്ടിൽ നിന്ന് കാണുന്നത് ഈ പാടമാണ്. എനിക്ക് കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണത്. പാടവുമായി ചേർന്ന് ജീവിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യവുമാണ്. കൂടാതെ ചോറിനോടാണ് കൂടുതൽ പ്രിയം.
80 ഏക്കറിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ഉമ എന്ന വേരിയന്റാണ് ഉപയോഗിക്കുന്നത്. എല്ലാവിധ പിന്തുണയുമായി നമ്മുടെ ആളുകളുമുണ്ട്. മണികണ്ഠൻ ആചാരിയും ഇതിന്റെ ഭാഗാമാകമെന്ന് അറിയിച്ചിട്ടുണ്ട്. താത്പര്യമുള്ളവരെയൊക്കെ കൂടെക്കൂട്ടും. സാമ്പത്തിക ലാഭം മാത്രം നോക്കിയല്ല കൃഷിയിലേക്ക് ഇറങ്ങിയത്.’– ധ്യാൻ പറഞ്ഞു.
അച്ഛൻ ശ്രീനിവാസന്റെ പ്രതികരണം എന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ ‘അച്ഛൻ ഒന്നും പറഞ്ഞില്ല, സാധാരണ പരാജയമാണല്ലോ... ഇതിലെങ്കിലും വിജയിച്ച് വരണം’ എന്നാണ് അച്ഛൻ പറഞ്ഞതെന്നാണ് ധ്യാൻ തമാശരൂപേണ പറഞ്ഞത്.