2008-ൽ ഇവിടെ ഒരു നിർമാതാവിന്റെ ഡ്രൈവറും ഓഫീസ് ബോയും ആയിരുന്നു ഞാൻ; പഴയകാലം ഓർത്തെടുത്ത് ഋഷഭ് ഷെട്ടി
Wednesday, October 1, 2025 10:37 AM IST
സിനിമയിലെത്തുന്നതിനു മുമ്പ് അന്ധേരിയിൽ ഓഫീസ് ബോയ് ആയും ഡ്രൈവറായും ജോലി ചെയ്തിരുന്നുവെന്ന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കാന്താര; ചാപ്റ്റർ വൺ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിൽ നടത്തിയ ചടങ്ങിലാണ് ഋഷഭ് ഷെട്ടി പഴയകാലം ഓർത്തെടുത്തത്.
""മുംബൈ എനിക്ക് വളരെ സ്പെഷ്യൽ ആയൊരു സ്ഥലമാണ്. 2008ൽ അന്ധേരി വെസ്റ്റിലെ ഒരു പ്രൊഡക്ഷൻ ഹൗസിൽ ഓഫീസ് ബോയ് ആയിരുന്നു ഞാൻ. ഒരു നിർമാതാവിന്റെ ഡ്രൈവറായും ജോലി ചെയ്തു. സിനിമയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഒരു സിനിമ നിർമിച്ചതിലൂടെ എനിക്ക് ഇത്രയധികം പ്രശസ്തിയും സ്നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആ പ്രൊഡക്ഷൻ ഹൗസിനടുത്തുള്ള റോഡിൽ വട പാവ് കഴിക്കുമ്പോഴും ഇത്രയും ദൂരം എത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. എല്ലാം നന്ദിയോടെ ഓർക്കുന്നു''. ഋഷഭ് ഷെട്ടി പറഞ്ഞു.
ഒക്ടോബർ 2ന് കാന്താര; ചാപ്റ്റർ 1 പ്രേക്ഷകരിലേക്ക് എത്തും. ചെന്നൈയിൽ ചിത്രത്തിന്റെ പ്രമോഷൻ നടത്താനിരുന്നെങ്കിലും കരൂരിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. സംഭവത്തിൽ അനുശോചനം അറിയിച്ച ഹോംബാലെ ഫിലിംസ്, ഉചിതമായ സമയത്ത് തമിഴ് പ്രേക്ഷകരെ കാണുമെന്നും അറിയിച്ചു.