കാട്ടാളനുമായി ആന്റണി പെപ്പെ; ചിത്രീകരണം തായ്ലൻഡിൽ തുടങ്ങി
Wednesday, October 1, 2025 2:45 PM IST
മാർക്കോ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിനു ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം തായ്ലൻഡിൽ ആരംഭിച്ചു.
മൂന്നാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് തായ്ലൻഡിലെ ചിത്രീകരണം. തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കിയിൽ പുനരാരംഭിക്കും.
ആന്റണി പെപ്പെ , ജഗദീഷ്, കബീർദുഹാൻ സിംഗ് ഉൾപ്പടെ ഈ സിനിമയിലെ പ്രധാന താരങ്ങളൊക്കെ തായ്ലൻഡ് ഷെഡ്യൂളിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്.
‘ഓംഗ്-ബാക്ക്’ എന്ന സിനിമയുടെ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുമായി അണിചേർന്നാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഓംഗ്-ബാക്ക് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വന്ന പോംഗ് എന്ന ആനയും കാട്ടാളന്റെ ഭാഗമാകുന്നുണ്ട്.
അജനീഷ് ലോകനാഥാണ് ഈ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക.
സംഭാഷണം - ഉണ്ണി ആർ., ഛായാഗ്രഹണം - രണ ദേവ്. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ് - അമൽ സി. സദർ. ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. പിആർഒ- വാഴൂർ ജോസ്.