പത്തുലക്ഷത്തിനടത്ത് വില; ലോകയുടെ വിജയത്തിൽ നിമിഷ് രവിക്ക് ആഡംബരവാച്ച് സമ്മാനം നൽകി കല്യാണി
Friday, October 3, 2025 9:02 AM IST
ലോകയുടെ വിജയത്തിന്റെ സന്തോഷത്തിൽ ഛായാഗ്രാഹകൻ നിമിഷ് രവിക്ക് ആഡംബര വാച്ച് സമ്മാനിച്ച് കല്യാണി പ്രിയദർശൻ.
ഒമേഗയുടെ സ്പീഡ്മാസ്റ്റർ സീരീസിലുള്ള വാച്ചാണ് കല്യാണി സമ്മാനിച്ചത്. ഏകദേശം 9.8 ലക്ഷം രൂപയാണ് വാച്ചിന്റെ വില. കഠിനാധ്വാനം എപ്പോഴും നല്ല കാര്യങ്ങളിലേക്ക് നയിക്കുമെന്ന് ഓർമപ്പെടുത്തുന്നതാണ് സമ്മാനമെന്ന് നിമിഷ് രവി കുറിച്ചു.
നിമിഷ് രവിയുടെ വാക്കുകൾ
‘പ്രിയ കല്യാണി, ഈ സമ്മാനം നിങ്ങളുടെ മഹത്തായ മനസിന്റെ തെളിവാണ്. വളരെയധികം നന്ദി. ഈ നിറം നേരിട്ട് എന്നെ ലോകയുമായും ചന്ദ്രയുമായും ബന്ധിപ്പിക്കുന്നു. എല്ലാത്തിനുമുപരി, തുടർച്ചയായ കഠിനാധ്വാനം എപ്പോഴും നല്ല കാര്യങ്ങളിലേക്കാണ് നയിക്കുന്നതെന്ന് ഇതെന്നെ ഓർമപ്പെടുത്തും.
ഈ സിനിമയും അതുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളും അക്കാര്യം എന്നും ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കും. അതിനാൽ ഈ സമ്മാനം ആ കഠിനാധ്വാനത്തിന് ഉള്ളതാണ്. ഒരുപാട് സ്നേഹം കല്യാണി. നിമിഷ് കുറിച്ചു.
വാച്ച് കെട്ടി നിൽക്കുന്ന കൈയും പശ്ചാത്തലത്തിൽ പുഞ്ചിരിച്ചു നിൽക്കുന്ന കല്യാണി പ്രിയദർശന്റെയും ഫോട്ടോ ഉൾപ്പെടുത്തിയാണ് നിമിഷിന്റെ പോസ്റ്റ്. ‘നിങ്ങൾ മികച്ചതിനേക്കാൾ മികച്ചത്’ എന്നായിരുന്നു പോസ്റ്റിന് കല്യാണിയുടെ കമന്റ്.
മുൻപ് ലക്കി ഭാസ്കറിന്റെ വിജയത്തിൽ ദുൽഖർ സൽമാനും നിമിഷിന് ആഡംബര വാച്ച് സമ്മാനിച്ചിരുന്നു.