എരുമേലി പൊലിസ് സ്റ്റേഷനിൽ നടന്ന ശബരിമല തീർഥാടന മുന്നൊരുക്ക അവലോകന യോഗത്തിൽ ജില്ലാ പൊലിസ് മേധാവി സാബു മാത്യു പ്രസംഗിക്കുന്നു.
എരുമേലി: മുഖ്യമന്ത്രി പമ്പയിൽ നടത്തിയ ശബരിമല തീർഥാടന അവലോകന യോഗത്തിലെ തീരുമാന പ്രകാരം എരുമേലിയിലെ പമ്പാവാലി കാളകെട്ടിയിൽ താത്ക്കാലിക പൊലിസ് എയ്ഡ് പോസ്റ്റ് ശബരിമല സീസണിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി സാബു മാത്യു അറിയിച്ചു. എരുമേലി പൊലിസ് സ്റ്റേഷനിൽ വകുപ്പ്തല യോഗത്തിലാണ് എസ്പി ഇക്കാര്യം അറിയിച്ചത്.
ഇത്തവണത്തെ തീർഥാടന കാലത്ത് അയ്യപ്പഭക്തരെ റോഡിൽ തടഞ്ഞിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എരുമേലിയിലെ സ്ഥല പരിമിതികൾ, റോഡുകളുടെ ഇടുങ്ങിയ സ്ഥിതി എന്നിവ ഉൾപ്പടെ പോരായ്മകൾക്കുള്ളിൽനിന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിൽ ഗതാഗതസൗകര്യം ഏർപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഴ, വന്യമൃഗ സാന്നിധ്യം, ശബരിമലയിലെ തിരക്ക് നിയന്ത്രണം എന്നിവ മുൻനിർത്തിയാണ് കാനന പാതയിൽ നിയന്ത്രണങ്ങൾ വേണ്ടി വരുന്നത്. ഈ സാഹചര്യങ്ങളിൽ ഭക്തർക്ക് സഹായങ്ങളും സൗകര്യങ്ങളും സേവനങ്ങളും നൽകാൻ വിപുലമായ പൊലിസ് സംവിധാനം അനിവാര്യമാണ്. ഇത് മുൻനിർത്തിയാണ് താത്കാലിക എയ്ഡ് പോസ്റ്റ് ആരംഭിക്കുന്നതെന്ന് എസ്പി പറഞ്ഞു.
51 അംഗ പൊലിസ് എയ്ഡ് പോസ്റ്റിൽ വിവിധ ഡ്യൂട്ടി ഷിഫ്റ്റ് പ്രകാരം സേവനം നൽകും. ശബരിമല സീസണിൽ എരുമേലി ടൗണിൽ വൺവേ ട്രാഫിക് ഏർപ്പെടുത്തും. സമാന്തര പാതകൾ വഴി മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ സംവിധാനം ഒരുക്കും. സ്കൂൾ സമയങ്ങളിൽ ടൗണിൽ തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വകുപ്പ് നടത്തുന്ന ഒരുക്കങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി. ജോസഫ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ സുനിൽകുമാർ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags :