തലശേരി പുന്നോൽ പെട്ടിപ്പാലത്ത് അപകടത്തിൽപ്പെട്ട ബസുകൾ.
തലശേരി: ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നേർക്കു നേർ കൂട്ടിയിടിച്ച് ഡ്രൈവർമാർ ഉൾപ്പെടെ 73 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് 12.45 നായിരുന്നു അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന എംപറർ (ഗംഗോത്രി ) ബസും കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലയൺ ബസുമാണ് പെട്ടിപ്പാലത്തിന് മുകളിൽ കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി അമിതവേഗത്തിൽ ദിശതെറ്റി ഓടിയ ലയൺ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന എംപറർ ബസിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ഇരുബസുകളുടെയും മുൻഭാഗം തകർന്നു. ഡ്രൈവർമാർ കാബിനിൽ കുടുങ്ങി. യാത്രക്കാരിൽ പലർക്കും തലയ്ക്കും കൈകാലുകൾക്കുമാണ് പരിക്കേറ്റത്.
ശബ്ദവും കൂട്ട നിലവിളിയും കേട്ട് പരിസരവാസികളും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ന്യൂമാഹി പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസുകളിലും നാട്ടുകാരുടെ വാഹനങ്ങളിലും തലശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. തലശേരി ജനറൽ ആശുപത്രി, കോ-ഓപ്പറേറ്റീവ് ആശുപത്രി, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പരിക്കേറ്റവർ ചികിത്സയിലുള്ളത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രിയപാർട്ടി പ്രതിനിധികൾ, തലശേരി എഎസ്പി ഡോ. നന്ദഗോപൻ തുടങ്ങിയവർ ആശുപത്രികളിലെത്തി പരിക്കറ്റവരെ സന്ദർശിച്ചു.