സംഘാടക സമിതിയുടെ ഉദ്ഘാടനം വിനു ജോബ് എംഎല്‍എ നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: മാനവമൈത്രീ ഘോഷയാത്രയും മെഗാ അത്തപ്പൂക്കള മത്സരവും കലാ സാംസ്കാരിക പരിപാടികളും സമ്മാനങ്ങളുമായി ചങ്ങനാശേരിയുടെ ഔദ്യോഗിക ഓണാഘോഷം ഓഗസ്റ്റ് 22, 23 24 തീയതികളില്‍ നടക്കും. ഹീറോ മോട്ടോ കോര്‍പ്പിന്റെ ചങ്ങനാശേരിയിലെ ഏക അംഗീകൃത ഡീലറായ ഫെര്‍ണാണ്ടോ ഹീറോയാണ് ഇക്കൊല്ലത്തെ ഓണം ഫെസ്റ്റിവല്‍ ഒരുക്കുന്നതെന്ന് മീഡിയാ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അറിയിച്ചു.
ഓഗസ്റ്റ് 17 മുതല്‍ 24 വരെ ജൈവ പച്ചക്കറിച്ചന്ത കുരിശുംമൂട്ടില്‍ നടക്കും. ഓഗസ്റ്റ് 22ന് നടക്കുന്ന മാനവമൈത്രീ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10,000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും. ഘോഷയാത്രയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥാക്രമം 10,000, 7,000, 5,000 രൂപ സമ്മാനം ലഭിക്കും. കൂടാതെ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിക്കുന്ന പഞ്ചായത്തിനും പ്രത്യേക കാഷ് പ്രൈസ് നല്‍കും.
23ന് മീഡിയാ വില്ലേജില്‍ നടക്കുന്ന മെഗാ അത്തപ്പൂക്കള മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 20,000, 15,000, 10,000രൂപ വീതം കാഷ് പ്രൈസ് ലഭിക്കും. 24ന് നടക്കുന്ന കൈകൊട്ടിക്കളി, നാടന്‍പാട്ട്, മലയാളി മങ്ക, കുട്ടി കേസരി, ഓണാവതരണം എന്നീ മത്സരങ്ങളില്‍ ഗ്രൂപ്പ് ഇനങ്ങളില്‍ 10,000, 7,000, 5,000 രൂപ വീതവും സിംഗിള്‍ ഇനങ്ങളില്‍ 5,000, 3,000, 1,000 രൂപ വീതവും കാഷ് പ്രൈസ് ലഭിക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരെ പങ്കെടുപ്പിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് പ്രത്യേക കാഷ് അവാര്‍ഡും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്നവര്‍ക്ക് എംഎൽഎ എവർ റോളിംഗ് ട്രോഫി നല്‍കുന്നതാണ്.
മത്സരങ്ങള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 16 ആണ്. വിളിക്കേണ്ട നമ്പര്‍ 9447568033.
Tags : Nattuvishesham DistrictNews DeepikaNews Changanassery