പൊതു അവധി ഫാം തൊഴിലാളികൾക്കും അനുവദിക്കണമെന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാമിൽ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേ
നെല്ലിയാമ്പതി: സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന പൊതു അവധി സർക്കാർ ഓറഞ്ച് ഫാമിലെ തൊഴിലാളികൾക്ക് നിഷേധിക്കുന്നതിനെതിരെ തൊഴിലാളികൾ പ്രതിഷേധ ദിനം ആചരിച്ചു.
സർക്കാർ പ്രഖ്യാപിക്കുന്ന പൊതു അവധി ദിവസങ്ങളിൽ ഫാം തൊഴിലാളികൾക്കും അവധി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
പൊതു അവധി ദിവസങ്ങളിലും തൊഴിലാളികളെ ജോലിക്ക് ഹാജരാകാൻ നിർബന്ധിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന അവകാശങ്ങൾ ഫാം തൊഴിലാളികൾക്കും ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാർ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ തൊഴിലാളികൾ ജോലിയിൽനിന്ന് വിട്ടുനിൽക്കുമെന്നും നേതാക്കൾ അറിയിച്ചു. പ്രതിഷേധ യോഗം പി. രാമദാസ് ഉദ്ഘാടനം ചെയ്തു. വി. മോഹനൻ അധ്യക്ഷത വഹിച്ചു. പി. ബാബു, പി.ഒ. ജോസഫ്, ആബേൽ എന്നിവർ പ്രസംഗിച്ചു.
19ന് ഫാം പ്രവർത്തനം തടസപ്പെടും
സർക്കാർ അവധി പ്രഖ്യാപിച്ച ദിവസം നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാമിലെ തൊഴിലാളികൾ ജോലിക്കെത്തില്ലെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ അറിയിച്ചു. ഇതോടെ 19ന് ഫാമിന്റെ പ്രവർത്തനം തടസപ്പെടാൻ സാധ്യതയുണ്ട്. തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുന്നതിനാൽ അന്നേദിവസം ഫാമിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനവും നിയന്ത്രിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നേതാക്കൾ പറഞ്ഞു.
ഇത് സംബന്ധിച്ച് സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അധികൃതർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Tags : NattuVishesham.DistricteNews