കൈപ്പറമ്പിൽ സഡൺ ബ്രേക്ക് ഇട്ടതിനെ തുടർന്ന് ബസ് തകർന്നപ്പോൾ.
കൈപ്പറമ്പിൽ സ്വകാര്യ ബസിടിച്ച് ഇതരസംസ്ഥാന തൊഴിലാളിക്കു പരിക്ക്
കൈപ്പറമ്പ്: കൈപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് ഇതരസംസ്ഥാന തൊഴിലാളിക്കു പരിക്ക്; നാട്ടുകാർ ബസ് തല്ലിപ്പൊളിച്ചാണ് ബസിന് അടിയിലും ഡിവൈഡറിനിടിയിലുമായി കുടങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ പുറത്തെടുത്തത്. തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴോടെയായിരുന്നു സംഭവം.
കൈപ്പറമ്പ് ബാറിനുസമീപം റോഡ് മുറിച്ചു കടക്കുകയായിരുന്നു ഇതരസംസ്ഥാന തൊഴിലാളി. തൃശൂർ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബസ് സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് വീലുകൾ ജാമാവുകയും ബസ് നീക്കാൻ സാധിക്കാതെ വരികയും ചെയ്തു. അരമണിക്കൂ റോളംനേരം സംസ്ഥാനപാതയിൽ ഗതാഗതതടസം ഉണ്ടായി. വിവരമറിഞ്ഞ് പേരാമംഗലം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
ബൈക്ക് മറിഞ്ഞ് പരിക്ക്
കൈപ്പറമ്പ് : കൈപ്പറമ്പ് മുസ്ലിം പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് പരിക്കുപറ്റിയ ബൈക്ക് യാത്രികൻ പേരാമംഗലം സ്വദേശി മറോക്കി വീട്ടിൽ ഔസേപ്പ് മകൻ ബിബിൻ(52)നെ കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സ്കൂട്ടറിടിച്ച് പരിക്ക്
കേച്ചേരി: കേച്ചേരി പെട്രോൾ പമ്പിനു സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സ്കൂട്ടറിടിച്ച് പരിക്കുപറ്റിയ കേച്ചേരി സ്വദേശി പുത്തൻകണ്ടത്തിൽ വീട്ടിൽ ജെയ്സൺ ഭാര്യ വിൻസി(38)യെ കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് എട്ടരയോടെയായിരുന്നു അപകടം.
ബൈക്ക് കാറിലിടിച്ച് പാടത്തേക്കു മറിഞ്ഞ് രണ്ടുപേർക്കു പരിക്ക്
കേച്ചേരി: പാറന്നൂർ ബസ് സ്റ്റോപ്പിനുസമീപം ബൈക്ക് നിയന്ത്ര ണം വിട്ട് കാറിലിടിച്ച് പാടത്തേക്ക് മറിഞ്ഞു. പരിക്കുപറ്റിയ ബൈക്ക് യാത്രക്കാരായ തൊഴിയൂർ സ്വദേശി വടക്കുംപാട്ട് വീട്ടിൽ ഹരിദാസ് മകൻ ഗൗതംകൃഷ്ണ(20), കാവീട് സ്വദേശി പൊന്നശേരി വീട്ടിൽ പ്രേമൻ മകൻ പ്രണവ്(20) എന്നിവരെ കേ ച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെമ്പൂത്രയിൽ കാറിടിച്ച് കാൽനടയാത്രക്കാർക്കു പരിക്ക്
പട്ടിക്കാട്: ദേശീയപാത ചെമ്പൂത്രയിൽ കാറിടിച്ച് കാൽനടയാത്രക്കാർക്ക് പരിക്കേറ്റു. പീച്ചി സ്വദേശിനികളായ സരിത, സുഷമ എന്നിവർക്കാണ് പരിക്കേറ്റത്. സരിതയുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എട്ടോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ചെമ്പൂത്രയിൽ ബസ് ഇറങ്ങി ക്ഷേത്രത്തിലേക്ക് പോകുന്നതിനായി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് പാലക്കാട് ഭാഗത്തുനിന്ന് വന്ന കാർ ഇവരെ ഇടിച്ചത്. പിന്നാലെ എത്തിയ മറ്റൊരു കാർ ഈ കാറിന് പിന്നിലും ഇടിച്ചു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ദേശീയപാതയിൽ വഴിവിളക്കുകൾ സ്ഥാപിക്കാത്തത് കാൽനടയാത്രക്കാർ അപകടത്തിൽ പെടുന്നതിന് കാരണമാകുന്നതായി നാട്ടുകാർ ആരോപിച്ചു. മാത്രമല്ല ദേശീയപാതയിലെ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് അടിയന്തരമായി പ്രദേശത്ത് വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : NattuVishesham.DistricteNews