പന്തലാംപാടത്ത് മിനിഅണ്ടർപാസ് നിർമിക്കണമെന്നാവശ്യപ്പെട്ട് ഹൈവേ പണികൾ തടഞ്ഞ് സംയുക്ത സമരസിതിയുടെ നേതൃത്വത്തിൽ നീലിപ്പാറയിൽ കഴിഞ്ഞദിവസം നാട്ടുകാർ നടത്തി
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി അതിവേഗപാതയിൽ പന്തലാംപാടത്ത് മിനിഅണ്ടർപാസ് നിർമിക്കണമെന്ന ആവശ്യം ശക്തം.
പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ കഴിഞ്ഞദിവസം ഹൈവേ പണികൾ തടഞ്ഞ് സമരം നടത്തി.
നീലിപ്പാറ ഭാഗത്തെ പണികളാണ് നാട്ടുകാർ തടഞ്ഞത്. നീലിപ്പാറയ്ക്കും പന്തലാംപാടം പെട്രോൾപമ്പിനും ഇടയ്ക്ക് മിനിഅണ്ടർപാസ് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാത വികസനത്തിനായി ഇവിടെയുണ്ടായിരുന്ന ഫുട്ഓവർ ബ്രിഡ്ജ് പൊളിച്ചു മാറ്റിയിരുന്നു. ഇതിനാൽ വേഗപാത മുറിച്ചു കടന്നുവേണം വിദ്യാർഥികൾക്കും മറ്റു യാത്രകാർക്കുമെല്ലാം ഇരു ഭാഗത്തേക്കും പോകാൻ.
ദീർഘദൂര കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ അതിവേഗതയിലാണ് ഇതിലൂടെ പായുക. ഇതിനിടയിലൂടെ സ്കൂൾ കുട്ടികൾ പാതകൾ മുറിച്ചുകടക്കുന്നത് അപകടങ്ങൾക്കും വലിയ ദുരന്തങ്ങൾക്കും വഴിവയ്ക്കും. ഒരുവർഷംമുമ്പാണ് നീലിപ്പാറയിൽ ടിവി ചാനലിന്റെ കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവമുണ്ടായത്.
രണ്ടുമാസംമുമ്പ് മിനിലോറി ഇടിച്ച് രണ്ടു വിദ്യാർഥിനികൾക്ക് സാരമായി പരിക്കേൽക്കാനിടയായ അപകടവുമുണ്ടായി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ മൂന്നു വിദ്യാർഥികൾ ഉൾപ്പെടെ എട്ടുപേർക്ക് പന്തലാംപാടത്ത് ജീവഹാനി സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു.
വേഗപാതയുടെ ഇരു ഭാഗങ്ങളും ബന്ധിപ്പിച്ച് കാറുകൾക്കും ഓട്ടോറിക്ഷകൾക്കും പോകാവുന്നവിധം മിനിഅണ്ടപാസ് നിർമിച്ച് അപകടങ്ങൾ ഇല്ലാതാക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു സമരം. വേഗപാതകൾക്ക് കുറുകെ നിർമിക്കുന്ന ഫുട്ഓവർ ബ്രിഡ്ജുകൾ പ്രായമായവർക്കുംമറ്റും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ക്രോസിംഗ് സംവിധാനമാണ്.
വാണിയംപാറയിൽ നിന്നുള്ള മേൽപാല നിർമാണം പന്തലാംപാടംവരെ എത്തുന്നതിനാൽ മിനിഅണ്ടർപാസ് നിർമാണം വലിയ ചെലവില്ലാതെ നടത്താനാകുമെന്നും ചൂണ്ടിക്കാട്ടുന്നു. എംപിയുടെ നിർദേശപ്രകാരം അണ്ടർപാസ് നിർമാണത്തിനായി നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് സമരനേതാക്കൾ പറഞ്ഞു.
പി.ജെ. ജോസ് മാസ്റ്റർ, സി.സി. സുരേന്ദ്രൻ, കാദർ കല്ലിങ്കൽപ്പാടം, എൻ.സി. ജോൺസൺ, സില്വിന് ചെറുനിലം, സയോ സക്കറിയ, ജോർസി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
പന്തലാംപാടത്ത് മിനി അണ്ടർപാസ് അനിവാര്യം
വടക്കഞ്ചേരി- മണ്ണുത്തി അതിവേഗപാതയിൽ പന്തലാംപാടത്ത് മിനിഅണ്ടർപാസ് അനിവാര്യമാണ്. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന ഹയർസെക്കൻഡറി സ്കൂൾ, മുസ്ലിം- ക്രിസ്ത്യൻ പള്ളികൾ,ക്ഷേത്രം, കോൺവെന്റുകൾ, കായിക പരിശീലനകേന്ദ്രം തുടങ്ങി നിരവധിയാളുകൾ ഏതുസമയവും വന്നുപോകുന്ന സ്ഥലമാണിത്.
ഇവർക്കെല്ലാം അതിവേഗപാത മുറിച്ചു കടക്കുന്നത് പ്രയാസകരമാണ്. പാതയുടെ മറുഭാഗത്ത് രക്കാണ്ടി, മണിയൻകിണർ, പറയൻപറ്റ തുടങ്ങി ആദിവാസി ഉന്നതികളുള്ള പ്രദേശമാണ്. ഇയാളുകൾക്കെല്ലാം ആറുവരി അതിവേഗപാത മുറിച്ചു കടക്കാതെ യാത്രചെയ്യാൻ അണ്ടർപാസ് നിർമിക്കേണ്ടതുണ്ട്.
അതല്ലെങ്കിൽ അപകടമരണങ്ങൾ ഉയരുന്നസ്ഥിതി പ്രദേശത്തുണ്ടാകും. മൂന്നു വിദ്യാർഥികൾ ഉൾപ്പെടെ എട്ടുപേർ കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ ഇവിടെ റോഡപകടങ്ങളിൽ മരിച്ചിട്ടുണ്ട്.
അതിനേക്കാളേറെപേർ അപകടത്തിൽ പരിക്കേറ്റ് ചികിത്സകളും മറ്റുമായി കഴിയുകയാണ്. വാണിയംപാറ മേൽപാലം പണി കഴിയുന്നതോടെ വേഗപാതയിൽ വാഹനവേഗത ഇനിയും കൂടും. ഇത് പാത മുറിച്ചുകടക്കൽ അപായകരമാകും. ജനങ്ങളുടെ ആവശ്യം മനസിലാക്കി ദേശീയപാത അഥോറിറ്റിയും ബന്ധപ്പെട്ടവരും മിനിഅണ്ടർപാസ് നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
പി.ജെ. ജോസ് മാസ്റ്റർ,
റിട്ടയേർഡ് ഹെഡ്മാസ്റ്റർ, പന്തലാംപാടം.
വിദ്യാർഥികൾക്ക് ഭയംകൂടാതെ വഴിനടക്കണം
വടക്കഞ്ചേരി- മണ്ണുത്തി ആറുവരി വേഗപാതയെ ഏറെ പേടിയോടെയാണ് കുട്ടികൾ നോക്കിക്കാണുന്നത്.
പാതയിലെ അപകടങ്ങളിൽപ്പെട്ട് സഹപാഠികൾ മരിക്കുന്നതിലെ ഭയപ്പാടും ഭീതിയും കുട്ടികളിൽ നിന്നും വിട്ടകലുന്നില്ല. കഴിഞ്ഞ ഏതാനും വർഷത്തിനിടെ മാത്രം മൂന്നു വിദ്യാർഥികൾ ഇവിടെ മരിക്കാനിടയായി.
ഇത്തരം അപകടങ്ങൾ കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതങ്ങൾ ചെറുതല്ല. മക്കളെ സ്കൂളിലേക്കുവിടുന്ന രക്ഷിതാക്കൾക്കും ആധിയേറുകയാണ്. സ്കൂളിനടുത്തായി മിനിഅണ്ടർപാസ് നിർമിച്ച് കുട്ടികൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കണം. ഭയംകൂടാതെ കുട്ടികൾക്ക് സ്കൂളിൽ വരാനും പോകാനും കഴിയുന്ന സ്ഥിതിയുണ്ടാകണം. സ്കൂൾ വിടുമ്പോൾ അധ്യാപകർ നിന്നാണ് ഇപ്പോൾ കുട്ടികളെ ബസ് കയറ്റിവിടുന്നത്. ഇതിനായി അധ്യാപകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
സമീപത്തെ വാണിയംപാറയിലെ മേൽപാല നിർമാണം പൂർത്തിയാകുന്നതോടെ വേഗപാതയിൽ വാഹനവേഗ ഇനിയും കൂടും. ഇത് അപകടസാധ്യതകളും വർധിക്കും.
പാതവികസനത്തിന്റെ ബലിയാടുകളാകാൻ ഇനിയും വിദ്യാർഥികൾ ഇടയാകരുത്. അതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ബന്ധപ്പെട്ടവർ ഒരുക്കണം.
ഷൈജോ മാത്യു, പ്രിൻസിപ്പൽ, മേരിമാതാ
ഹയർ സെക്കൻഡറി സ്കൂൾ, പന്തലാംപാടം.
ഞങ്ങളെല്ലാം ഭയാശങ്കയിലാണ്
അമിതവേഗതയിൽ പോകുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് ഞങ്ങൾ വേഗപാത മുറിച്ചുകടന്ന് സ്കൂളിലേക്ക് വരുന്നതും പോകുന്നതും.
ഇതിനാൽ പ്രാണനടക്കിപിടിച്ചുള്ള യാത്രയാണ് രാവിലെയും വൈകിട്ടുമുള്ളത്. സംസാരിച്ചു പോകുന്നതിനിടെ ചെറിയൊരു അശ്രദ്ധമതി അപകടം സംഭവിക്കാൻ.
കഴിഞ്ഞ വർഷങ്ങളിലുണ്ടായ അപകടങ്ങളിൽ സഹപാഠികളുടെ മരണം ഇപ്പോഴും ഞങ്ങളെ ഏറെ വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. റോഡ് മുറിച്ചുകടക്കാൻ പേടിച്ച് മറ്റുള്ളവരുടെ സഹായത്തോടെ പോകുന്നവരുമുണ്ട്. മാതാപിതാക്കളും അധ്യാപകരും എല്ലാ ദിവസവും കുട്ടികളെ പാത കടത്തിവിടാൻ എത്തുന്നത് പ്രായോഗികമല്ല. പാതയുടെ ഇരു ഭാഗത്തും സർവീസ് റോഡും സ്കൂളിനു മുന്നിലായി ചെറിയ അടിപ്പാതയും നിർമിച്ച് ഞങ്ങളുടെ ജീവൻ സുരക്ഷിതമാക്കണം.
ആഞ്ജലോ ജോസഫ്, ചെയർപേഴ്സൺ,
മേരിമാതാ എച്ച്എസ്എസ്, പന്തലാംപാടം.
Tags : NattuVishesham DistrictNews