ജനമൈത്രി പൊലിസിന്റെയും സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗിന്റേയും നേതൃത്വത്തിൽ നെന്മാറയിൽ നടത്തിയ ലഹരിവിരുദ്ധ റാലി.
നെന്മാറ: യുവാക്കളിൽ ലഹരിവിരുദ്ധ അവബോധം ശക്തിപ്പെടുത്തുന്നതിനും ലഹരിക്കെതിരായ സാമൂഹിക പ്രതിരോധം ഊട്ടിയുറപ്പിക്കുന്നതിനുമായി നെന്മാറ ജനമൈത്രി പൊലിസിന്റെയും നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗിന്റേയും നേതൃത്വത്തിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
എറണാകുളം സെന്റ് ആൽബർട്ട് കോളജിലെ സാമൂഹ്യപ്രവർത്തന വിഭാഗം വിദ്യാർഥികളുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ. ലഹരിക്കെതിരേ യുവജനത എന്ന സന്ദേശമുയർത്തി ഓപ്പറേഷൻ തൂഫാനിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് നെന്മാറയിൽ ലഹരിവിരുദ്ധറാലി, ഫ്ലാഷ് മോബ്, തെരുവുനാടകം എന്നിവ സംഘടിപ്പിച്ചത്.
നെന്മാറ സർക്കിൾ ഇൻസ്പെക്ടർ രമേശ് പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗ് ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷത വഹിച്ചു.
സബ് ഇൻസ്പെക്ടർമാരായ ബിനോയ് മാത്യു, സന്തോഷ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സൗമിനി, സിവിൽ പൊലിസ് ഓഫീസർ ഉക്കാഷ്, ജനമൈത്രി ബീറ്റ് പൊലിസ് ഓഫീസർ രാകേഷ് എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews