കാഞ്ഞിരപ്പുഴ സാൻതോം പാരിഷ് ഹാളിൽ ചേർന്ന ഗ്രാമസഭായോഗം.
കാഞ്ഞിരപ്പുഴ: ഇഎസ്എ കരട് വിഞാപനത്തിൽ ജില്ലയിലെ 14 വില്ലേജുകളിൽ ഉൾപ്പെടുന്ന പാലക്കയം വില്ലേജിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ 6, 7, 8, 9,13 വാർഡുകളിലെ ഗ്രാമസഭകൾ കാഞ്ഞിരപ്പുഴ സാൻതോം പാരിഷ് ഹാളിൽ നൂറുകണക്കിന് ജനങ്ങളുടെ പങ്കാളിത്തത്തിൽ നടന്നു.
ജൂലൈ 27 ന് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച ഇഎസ്എ വിജ്ഞാപനം സംബന്ധിച്ച് അവ്യക്തതകളും ആശങ്കകളും നിലനിൽക്കുന്നുവെന്നും കേരളത്തിന്റെ ഭരണഭാഷയായ മലയാളത്തിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇഎസ്എ പ്രദേശങ്ങളുടെ ജിയോ കോർഡിനേറ്റുകൾ അടങ്ങിയ പൂർണമായ കെഎംഎൽ അടിയന്തരമായി പ്രസിദ്ധീകരിക്കുക, ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പൊതുസ്ഥലങ്ങളും ഇഎസ്എ യുടെ പരിധിയിൽ വരാൻ പാടില്ല, വില്ലേജിലെ ഏതെങ്കിലും ഒരു പ്രദേശം പരിസ്ഥിതി ലോല പ്രദേശമാണ് എന്ന കാരണത്താൽ ആ വില്ലേജിനെ മുഴുവനായും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കുക, ഓരോ പ്രദേശവും സ്വന്തം സർവേ നമ്പറും അതിർത്തികളും അടിസ്ഥാനമാക്കി പരിസ്ഥിതി ലോല മേഖലകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഹെൽപ്പ് ഡെസ്ക് ഏർപ്പെടുത്തുക, പരിസ്ഥിതി ലോല മേഖലകൾ ഭൂമിയിൽ അടയാളപ്പെടുത്തി പ്രദേശവാസികളെ ബോധ്യപ്പെടുത്തുക, അന്തിമ മാപ്പ് പ്രസിദ്ധീകരിച്ച് പരാതികൾ പരിഹരിച്ച ശേഷമേ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിന് സംസ്ഥാന സമർപ്പിക്കാവൂ എന്നീ ആവശ്യങ്ങൾ ഉൾപ്പെടുന്ന പ്രമേയങ്ങൾ ഗ്രാമസഭകൾ ഐക്യകണ്ഠേന പാസാക്കി. കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, വൈസ് പ്രസിഡന്റ് അരുൺ ഓലിക്കൽ, മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, ബ്ലോക്ക് മെംബർ ബിജി ടോമി, മെംബർമാരായ ജോജോ പുന്നക്കൽ, ഫർസാന റിഷാദ്, അനിൽകുമാർ, രമ ടീച്ചർ, അഡ്വ.കെ.ടി. തോമസ്, സണ്ണി കിഴക്കേക്കര, വികാസ് ജോസ്, ജോമി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews