പതിനാറേക്കാര് ഭാഗത്ത് കൂട്ടമായി എത്തിയ കാട്ടുപോത്തുകള്‍.
കുളത്തൂപ്പുഴ : അന്തര്‍സംസ്ഥാന പാതയില്‍ കാട്ടുപോത്ത് വിഹരിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. ചെറുതും വലുതുമായി ഉണ്ടായിട്ടുള്ള ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം അമ്പതോളം വരും.
വാഹനത്തില്‍ ഇടിച്ചു കേടുപാടുകള്‍ പറ്റിയതും അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത് വേറെയും. കുളത്തൂപ്പുഴ പട്ടണത്തോട് ചേര്‍ന്ന് പതിനാറേക്കര്‍ ജനവാസ മേഖലയില്‍ കൂട്ടമായും ഒറ്റയ്ക്കും എത്തുന്ന കാട്ടുപോത്തുകള്‍ ദിവസവും വിഹരിക്കുകയാണ്.
ഒരു വര്‍ഷം മുമ്പ് പതിനാറേക്കര്‍ ഭാഗത്ത് ഫുട്ബോള്‍ കളിച്ചുകൊണ്ടു നിന്ന 24 കാരനെ കാട്ടുപോത്ത് ആക്രമിച്ചിരുന്നു. നട്ടെല്ലിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ നിതിന്‍ ലോപ്പസ് എന്ന യുവാവ് ഇന്നും ചികിത്സയിലാണ്.
അന്തര്‍സംസ്ഥാന പാതയില്‍ അരിപ്പയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിലേക്ക് പാഞ്ഞെത്തിയ കാട്ടുപോത്ത് ഇടിക്കുകയും ജീപ്പ് മറിയുകയും ചെയ്തു. സംഭവത്തില്‍ കല്ലുവെട്ടാംകുഴി സ്വദേശികളായ നാലോളം പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ ഒരാളുടെ ജീവന് നഷ്ടപ്പെട്ട അയ്യന്പിള്ളവളവില് ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷയ്ക്കും നേരെ പല തവണ കാട്ടുപോത്ത് ആക്രമണം ഉണ്ടായിരുന്നു. സ്കൂട്ടര്‍ യാത്രികനായ യുവാവിന് സാരമായി പരിക്കേറ്റു.
ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ ഇഎസ്എം കോളനിയില്‍ പൂമ്പാറയില്‍ സ്കൂട്ടര്‍ യാത്രികനെതിരെ പാഞ്ഞാടുത്ത കാട്ടുപോത്തിനെ കണ്ടു മണ്‍തിട്ടയില്‍ ഓടിക്കയറി തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. സ്കൂട്ടര്‍ പോത്ത് തകര്‍ക്കുകയും ചെയ്തു. ജനവാസ മേഖലകളില്‍ വീടുകള്‍ക്ക് മുന്നിലൂടെ കാട്ടുപോത്തുകള്‍ രാവെന്നോ പകലെന്നോ ഇല്ലാതെ വിഹരിക്കുമ്പോള്‍ വനംവകുപ്പ് നടപടികള്‍ എല്ലാം താത്കാലികം മാത്രമായി ചുരുങ്ങി. കഴിഞ്ഞ മുന്‍ എംഎല്‍എ പി.എസ്. സുപാല്‍ നടപ്പിലാക്കിയ വനാവരണം പദ്ധതിയും ഉദേശിച്ച ഫലം കണ്ടില്ല.
വന്യജീവി ആക്രമണം തടയുന്നതിനായി രൂപീകരിച്ച ആര്‍ആര്‍ടി കേവലം പാമ്പുകളെ പിടിക്കുന്നതില്‍ മാത്രം ഒതുങ്ങി. അധികൃതരുടെ നിഷ്ക്രിയത്തവും ദീര്‍ഘവീക്ഷണം ഇല്ലാത്ത നടപടികളുടെയും രക്തസാക്ഷിയായി മാറിയിരിക്കുകയാണ് അയ്യന്‍പിള്ളവളവ് ബീമ മണ്‍സിലില്‍ ബഷീര്‍. അതേസമയം ബഷീറിന്റെ മരണത്തോടെ നാട്ടുകാര്‍ വലിയ രോഷത്തിലാണ്.
ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ വിശ്വാസത്തിലെടുക്കാന്‍ ഇവര്‍ തയാറായല്ല. പ്രഹസന നടപടികള്‍ അല്ല വേണ്ടതെന്നും നടപ്പിലാക്കേണ്ടത് ശാശ്വത നടപടികള്‍ ആണെന്നും നാട്ടുകാര്‍ പറയുന്നു.
ഇനിയും നടപടികള്‍ വൈകിയാല്‍ ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസുകള്‍ക്ക് മുന്നില്‍ കുടില്‍കെട്ടി ആജീവനാന്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും നാട്ടുകാര്‍ കഴിഞ്ഞ ദിവസം അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.