കോട്ടയം: നന്നേ ചെറുപ്പത്തില്‍ കഥകളും കവിതകളും എഴുതുന്ന കുട്ടികള്‍ ധാരാളമുണ്ട്. അവരില്‍നിന്നു വ്യത്യസ്തനാണു പാലായ്ക്കു സമീപം പ്രവിത്താനത്തുള്ള ഒരു കുട്ടി നോവലിസ്റ്റ്. പുറംലോകം അധികമൊന്നും അറിഞ്ഞിട്ടില്ലാത്ത, 12 വയസുള്ള ഒരു കുഞ്ഞുനോവലിസ്റ്റ്-യോഹന് ജോസഫ് ബിജു. നോവല്‍ എഴുതുന്നുവെന്നതാണ് യോഹനെ വ്യത്യസ്തനാക്കുന്നത്. കേരളത്തില്‍ ജീവിക്കുമ്പോഴും യോഹന് എഴുതുന്നതെല്ലാം ഇംഗ്ലീഷിലാണ്. രണ്ടു വര്‍ഷം മുമ്പാണ് യോഹന്റെ ആദ്യ നോവല്‍ പുറത്തിറങ്ങിയത്; മിഷന് ടു എ മിസ്റ്റീരിയസ് വില്ലേജ്.
ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടില്ലാത്ത യോഹന്റെ ഭാവന സഞ്ചരിച്ചത് ഓസ്ട്രേലിയയിലേക്കായിരുന്നു. ഓസ്ട്രേലിയയായിരുന്നു നോവലിന്റെ പശ്ചാത്തലവും. ഭരണങ്ങാനം ജീവന് ബുക്സ് പ്രസിദ്ധീകരിച്ച ആദ്യ നോവലിന്റെ പ്രകാശനം വലിയൊരു ചടങ്ങായിട്ടാണ് നടത്തിയത്. കാരണം യോഹന്റെ പിതാവും എഴുത്തുകാരനുമായ വിനായക് നിര്‍മലിന്റെ നൂറാമത്തെ പുസ്തകത്തിന്റെ പ്രകാശനവും അന്നായിരുന്നു. അപ്പന്റെയും മകന്റെയും പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പ്രകാശനം ചെയ്യുന്ന അപൂര്‍വതയ്ക്കാണ് ഭരണങ്ങാനം വേദിയായത്.
ആദ്യനോവല്‍ പുറത്തിറങ്ങിയ വേളയില്‍ തന്നെ യോഹന് വ്യക്തമാക്കിയിരുന്നു നോവല്‍ സീരിസിലെ ആദ്യ പുസ്തകമാണ് ഇതെന്നും ഇനി നാലു ഭാഗങ്ങള്‍ കൂടി വരുമെന്നും. അതില്‍ രണ്ടാമത്തെ നോവലാണ് ഇപ്പോള്‍ കോഴിക്കോട് ആത്മ ബുക്സ് പുറത്തിറക്കിയിരിക്കുന്ന അഡ്വഞ്ചേഴ്സ് ഓഫ് ഡിയോ. രണ്ടു നോവലുകളുടെ സമാഹാരമാണിത്. ആദ്യനോവലിന്റെ തുടര്‍ച്ചയായുള്ള ഭാഗങ്ങള്‍. ഈ സീരിസിലെ നാലും അഞ്ചും ഭാഗങ്ങളുടെ പണിപ്പുരയിലാണ് യോഹന്. യോഹന്റെ സഹോദരനും വൈദികവിദ്യാര്ഥിയുമായ ഫ്രാന്‍സിസ് ലിയോ ബിജുവാണ് രണ്ടു പുസ്തകങ്ങളുടെയും കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഗ്രീസിലെ പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡും അമേരിക്കയിലെ സിഎംഎ ബുക്ക് അവാര്‍ഡും നേടിയ മലയാളിയായ അഭിലാഷ് ഫ്രേസറാണ് യോഹന്റെ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഇടവകപ്പള്ളിയായ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തിലെ അള്ത്താരശുശ്രൂഷിയുമാണ്.
പാലാ ചാവറ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് യോഹന്. അമ്മ ഷീജാമോള്‍ തോമസ് പാലാ സെന്റ് തോമസ് ടിടിഐയിലെ അധ്യാപികയാണ്.
Tags : novelist Nattuvishesham District News