കോഴിക്കോട്: മാവൂര്‍ റോഡ് പരിസരത്തു നിന്നു സ്കൂട്ടര്‍ മോഷ്ടിച്ച പ്രതി മടവൂര്‍ മുട്ടാഞ്ചേരി സ്വദേശി എരഞ്ഞോട്ടില്‍ വീട്ടില്‍ അഖിലി (29)നെ കസബ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 18നാണ് മോഷണം നടന്നത്. മാവൂര്‍ റോഡിലെ സെല്‍ഫോണിക്സ് മൊബൈല്‍ സര്‍വീസ് സെന്ററിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട ഗുരുവായൂരപ്പന് കോളജ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് മോഷ്ടിച്ചത്.
സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. കസബ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.ജെ.ജിമ്മിയുടെ നേതൃത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ നിമിന്‍ കെ.ദിവാകരന്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.സജേഷ് കുമാര്‍, എസ് സിപിഒ കെ.രെജു, സിറ്റി ക്രൈം സ്ക്വാഡിലെ എം.ഷാലു, സി.കെ.സുജിത്ത് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
അഖിലിനെതിരേ ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണത്തിനും കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കൊണ്ടുപോയതിനും പൊതുസ്ഥലത്ത് വച്ച് മദ്യപിച്ചതിനും മറ്റുമായി നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.