പ്രതീകാത്മക ചിത്രം
കൊച്ചി: വല്ലാര്‍പാടം പുനരധിവാസത്തിന്റെ ഭാഗമായി തുതിയൂര്‍, ഇന്ദിരാനഗര്‍, മുളവുകാട് എന്നീ പഞ്ചായത്തുകളില്‍ അനുവദിച്ചിട്ടുള്ള ഇടങ്ങളില്‍ മണ്ണിട്ടുയര്‍ത്തി വാസയോഗ്യമാക്കുന്നതിന് കര്‍മപദ്ധതി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് കര്‍മപദ്ധതിയുടെ നടത്തിപ്പ് ചുമതല. കൊച്ചി തുറമുഖ ട്രസ്റ്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ചീഫ് എന്‍ജിനീയര്‍, സ്ഥലം തഹസില്‍ദാര്‍, പോലീസ്, സമരസമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
ഇവിടേക്ക് ആവശ്യമായ മണ്ണിന്റെ അളവ് തിട്ടപ്പെടുത്തല്‍, അവിടേക്ക് മണ്ണെത്തിക്കുക, മണ്ണ് കോംപാക്ട് ചെയ്ത് ഉറപ്പിക്കുക എന്നിവയുടെ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ഇതിനാവശ്യമായ മണ്ണ് പോര്‍ട്ട് ട്രസ്റ്റ് ലഭ്യമാക്കും. മണ്ണിട്ട് ഉയര്‍ത്തിയ ശേഷം വീട് നിര്‍മാണത്തിന് ആവശ്യമായ ഉറപ്പും ഗുണനിലവാരവും ഉണ്ടോയെന്ന് കെഎംആര്‍എല്‍ പരിശോധിച്ചു ഉറപ്പുവരുത്തും.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ റെയില്‍പാത നിര്‍മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ഇടപ്പള്ളി നോര്‍ത്ത്, സൗത്ത് വില്ലേജ് പരിധിയിലെ 56 കുടുംബങ്ങള്‍ക്ക് 18 വര്‍ഷം മുമ്പ് നാല് സെന്റ് വീതം അനുവദിച്ച ഇടങ്ങള്‍ ചതുപ്പുപ്രദേശമായതിനാല്‍ താമസയോഗ്യമല്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ നിര്‍മിച്ച മൂന്ന് വീടുകളില്‍ രണ്ടെണ്ണവും താമസ യോഗ്യമല്ലാതായി. വല്ലാര്‍പാടം പദ്ധതിക്കും ഇതോടനുബന്ധിച്ച റോഡിനും റെയിലിനുമായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഏഴിടങ്ങളിലാണ് ഭൂമി അനുവദിച്ചിരുന്നത്. ഇതില്‍ തുതിയൂര്‍ മുട്ടുകാല് റോഡിന് സമീപമുള്ള രണ്ടിടങ്ങളും മുളവുകാട് പോലീസ് സ്റ്റേഷന് സമീപവും അനുവദിച്ച ഇടങ്ങളും വീട് നിര്‍മാണത്തിന് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ മുന്‍പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിലവിലെ നടപടി.
മുളവുകാട് പുനരധിവാസ ഭൂമിയില്‍ മുളവുകാട് പോലീസ് സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലുകള്‍ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യും. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് ഉത്തരവ് പ്രകാരം നല്‍കേണ്ട വാടക കുടിശിക അടിയന്തരമായി നല്‍കുന്നതിനും കണ്ടെയ്നര്‍ റോഡില്‍ നിന്ന് മൂലമ്പിള്ളി പുനരധിവാസ ഭൂമിയിലേക്ക് വാഹനങ്ങള്‍ എത്തുന്നതിന് സര്‍വീസ് റോഡ് നിര്മിക്കുന്നതിനാ എന്‍എച്ച്എഐ നല്‍കിയിട്ടുള്ള പ്രപ്പോസലില്‍ ഉടന്‍ തീരുമാനമെടുക്കുന്നതിനും മൂലമ്പിള്ളി പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രത്യേക യോഗത്തില്‍ കളക്ടര്‍ നിര്‍ദേശം നല്കി. വല്ലാര്‍പാടം ഐസിടിടി റോഡ് കണക്ടിവിറ്റിക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് കണ്ടെയ്നര്‍ റൂട്ടില്‍ സൗജന്യ ടോള്‍ പാസ് അനുവദിക്കാന്‍ നാഷണല്‍ ഹൈവേയ്സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് യോഗം നിര്‍ദേശം നല്കി. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിച്ച നഷ്ടപരിഹാര തുകയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി വരുമാനനികുതി പിടിച്ചെടുത്തത് തിരിച്ചുനല്‍കാന്‍ കേന്ദ്ര ഇന്‍കംടാക്സ് വകുപ്പിന് കത്തയക്കാന്‍ കൊച്ചി തുറമുഖ ട്രസ്റ്റിനോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ടോമി ചമ്മിണി എംഎല്‍എ, വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി പ്രസിഡന്റ് ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പിള്ളി, സമരസമിതി അംഗങ്ങളായ ഫ്രാന്‍സിസ് കളത്തുങ്കല്‍, വി.പി. വില്‍സണ്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Tags : Vallarpadam Rehabilitation NattuVishasham DistrictNews