ഇടുക്കി: ജില്ലയിലെ പാതയോരങ്ങളില്‍ അനധികൃതമായി ഫ്ളക്സ്, ബോര്‍ഡ്, ബാനര്‍, കൊടിതോരണങ്ങള്‍ മുതലായവ സ്ഥാപിക്കുന്നത് നിരോധിച്ചതായി തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഇത്തരത്തിലുള്ളവ സ്ഥാപിക്കുന്നവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷന് നടപടി സ്വീകരിക്കുന്നതിനും ഓരോ ഇനത്തിനും 5000 രൂപ വീതം പിഴ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയപ്പാര്‍ട്ടികള്‍, മതസ്ഥാപനങ്ങള്‍, സാമുദായികസംഘടനകള്‍, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ മുതലായവര്‍ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവു പ്രകാരം അതത് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ മാത്രമേ ഇത്തരത്തിലുള്ള പരസ്യ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. ഹൈക്കോടതി ഉത്തരവിന്റെയും തുടര്‍ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി ഫ്ളക്സ്, ബോര്‍ഡ്, ബാനര്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതു വിലക്കിയിട്ടുണ്ട്.