സെൻസസ് ഡ്യൂട്ടി: സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന്
കോലഞ്ചേരി : ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനം നടക്കുന്ന ദിവസങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ബഹുഭൂരിപക്ഷം അധ്യാപകരെയും സെൻസസ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത് സ്കൂളുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ. തിങ്കൾ, ചൊവ്വ. ബുധൻ ദിവസങ്ങളിലാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനം.
അമ്പത് ശതമാനത്തിലേറെ അധ്യപകരെയും സ്കൂളുകളിൽ നിന്ന് സെൻസസ് പ്രവർത്തനങ്ങൾക്കായി വിളിച്ച് സ്കൂളിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നത് ഒഴിവാക്കണം. ഓഫീസ് പ്രവർത്തനങ്ങൾക്കു പോലും ജീവനക്കാരെ നിയമിക്കാത്ത ഹയർ സെക്കൻഡറി മേഖലയോട് കാണിക്കുന്നത് ക്രൂരതയാണ്.
പല സ്കൂളുകളിലും ഭിന്നശേഷി നിയമത്തിന്റെ പ്രശ്നത്തിൽ നിയമനം നടത്തപ്പെട്ടിട്ടില്ല എന്നതിനാൽ അധ്യാപകരെ ഈ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നും 11,12 ക്ലാസുകളിലെ കുട്ടികളുടെ പഠന കാര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നത് ഉൾക്കൊള്ളണമെന്നും എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബിനു കെ. വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ. വിനോദ്, സംസ്ഥാന സെക്രട്ടറി ജോയ് സെബാസ്റ്റ്യൻ , ജില്ലാ സെക്രട്ടറി സി.ജെ. റാൽഫി ജോസഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ. ശ്രീലാൽ, ഇ.ആർ. ബിനു, ഷെറിൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു
Tags : Local News Nattuvishesham Ernakulam