പെരിയാറ്റിലെ വെള്ളപ്പൊക്കം, ഉപ്പുതറ കരിന്തിരി ചപ്പാത്തിൽനിന്നുള്ള കാഴ്ച.
കുടയത്തൂർ: ഉരുൾപൊട്ടലുണ്ടായ കുടയത്തൂർ പഞ്ചായത്തിലെ അടൂർമല ശോകമൂകമാണ്. ഇന്നലെ പുലർച്ചെ 1.30നുണ്ടായ ഉരുൾപൊട്ടലിൽ മഷികല്ലേൽ രവിനാരായണന്റെ ഭാര്യ സുമതിയുടെ(69) ജീവൻപൊലിഞ്ഞതിന്റെ ദുഖം പ്രദേശവാസികൾക്ക് അടക്കാനാവുന്നില്ല. മലവെള്ളപ്പാച്ചിലിൽ നിന്നു രവിനാരായണൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വീടിനുമുന്നിൽ നിൽക്കവെ മലവെള്ളം കുത്തിയൊലിച്ചുവരുന്നതു കണ്ട് സുമതി മകൻ രതീഷിനെ രക്ഷിക്കാൻ മുറിക്കുള്ളിലേക്ക് ഓടിക്കയറവെയാണ് ദുരന്തത്തിൽപ്പെട്ടത്. മകൻ രതീഷിനെ സമീപവാസികളാണ് അടുക്കളയുടെ സ്ലാബിനടിയിൽ നിന്നു പുറത്തെടുത്തത്. വാരിയെല്ലിനും മുഖത്തും പരിക്കേറ്റ രതീഷ് തൊടുപുഴയിലെ ആശുപത്രിയിൽ ചികിൽസയിലാണ്. ദുരന്തമേഖലയ്ക്ക് സമീപത്ത് വലിയകല്ലുകളും പാറക്കൂട്ടങ്ങളും സ്ഥിതിചെയ്യുന്നത് പ്രദേശവാസികൾക്കിടയിൽ ഭീതിസൃഷ്ടിച്ചിട്ടുണ്ട്. മഷികല്ലേൽ എം.വി. വിഭാഷിന്റെ വീടിന് പിൻഭാഗത്ത് മണ്ണിടിഞ്ഞും കല്ലുകൾ ഉരുണ്ട് വീഴാറായ നിലയിലുമാണ് സ്ഥിതിചെയ്യുന്നത്.
പുത്തൻപുരയ്ക്കൽ നൈനാൻ, പഴയപുരയ്ക്കൽ തങ്കപ്പൻ എന്നിവരുടെ വീടിനു സമീപവും വലിയ കല്ലുകൾ സ്ഥിതിചെയ്യുന്നുണ്ട്. കോളപ്രയിൽ നിന്നു അടൂർമലയിലേക്കുള്ള റോഡ് തകർന്ന് കുണ്ടുംകുഴിയുമായി കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമായി.