തൂഫാന് ബാഡ്ജ് വിതരണവും കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കുന്നു.
കല്ലോടി: കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളില്‍ എഐ അധിഷ്ഠിത എല്‍ഇഡി പാനല്‍ ബോര്‍ഡുകളുടെ ഉദ്ഘാടനവും ലഹരിക്കെതിരേ കേരള സര്‍ക്കാര്‍ നടത്തുന്ന തൂഫാന് പദ്ധതിയോട് ചേര്‍ന്നുകൊണ്ട് തൂഫാന് ബാഡ്ജ് വിതരണവും കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമായ പഠനാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ സ്വഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.ഉഷ വിജയന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെന്റും അധ്യാപകരും ചേര്‍ന്നാണ് ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ഏറ്റവും ആധുനികമായ നിയോടെക് ക്ലാസ് മുറികള്‍ വിദ്യാലയത്തില്‍ ഒരുക്കിയത്.
എഐ അധിഷ്ഠിത എല്‍ഇഡി പാനല്‍ ബോര്‍ഡുകള്‍ അധ്യാപനരീതിയില്‍ പുരോഗതി സൃഷ്ടിക്കുന്നതോടൊപ്പം നിർമിത ബുദ്ധിയുടെ സഹായത്തോടെ വിദ്യാര്‍ഥികളുടെ പഠനനിലവാരം വിലയിരുത്താനും വ്യക്തിഗത പഠനസഹായം നല്‍കാനും സഹായിക്കും. ത്രിമാന ദൃശ്യാവിഷ്കാരങ്ങള്‍, ആനിമേഷനുകള്‍, വീഡിയോ അധിഷ്ഠിത പഠനം, തത്സമയ സംവേദനാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പഠനം കൂടുതല്‍ ലളിതവും ആസ്വാദ്യവുമാകും. വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ചിന്ത, സാങ്കേതിക വൈദഗ്ധ്യം, പ്രശ്ന പരിഹാരശേഷി എന്നിവ വളര്‍ത്തുന്നതിനും ഭാവിയിലെ ഡിജിറ്റല്‍ ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ഈ സംവിധാനങ്ങള്‍ വഴിയൊരുക്കും.
ലഹരി വിരുദ്ധ ലോഗോ പ്രകാശനം സ്കൂള്‍ മാനേജര്‍ ഫാ. സജി കോട്ടായില്‍ നിര്‍വഹിച്ചു. വിവിധ സ്കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലയില്‍ മികവുകള്‍ തെളിയിച്ച അധ്യാപകരെയും രക്ഷിതാക്കളെയും എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാ ബാലന്, മാനന്തവാടി ഉപജില്ല എഇഒ എം. സുനില്‍കുമാര്‍, സ്കൂള്‍ പിടിഎ പ്രസിഡന്റ് ജിനീഷ് തോമസ് എന്നിവര്‍ ആദരിച്ചു.
സ്കൂള്‍ ഹെഡ്മാസ്റ്റര് ജോസ് പള്ളത്ത്, കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബ്രിജേഷ് ബാബു, കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.ജി. റോഷ്നി, എംപിടിഎ പ്രസിഡന്റ് സീനത്ത് ബീരാളി, പ്രീ പ്രൈമറി വിഭാഗം പിടിഎ പ്രിഡന്റ് പി.ടി. പ്രശോഭ്, വിദ്യാര്‍ഥി പ്രതിനിധി ഹന്ന കാര്‍മല്‍, അധ്യാപകരായ നസ്രിന് തയ്യുള്ളതില്‍, കാതറിന് സി. തോമസ്, മോളിക്കുട്ടി സിറിയക്, ഷിന്റോ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews