കുപ്പിയിൽ പെട്രോളുമായി വീട്ടമ്മ പൊലിസ് സ്റ്റേഷന് മുന്നിലെത്തി ആത്മഹത്യാ ഭീഷണിമുഴക്കി കുത്തിയിരിക്കുന്നു.
ചെറായി : വിദേശ ജോലി ജോലി വാഗ്ദാനം ചെയ്തു 48,500 രൂപ തട്ടിയെടുത്ത പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഭിന്നശേഷിക്കാരിയായ വീട്ടമ്മയും ഭർത്താവും പൊലിസ് സ്റ്റേഷനു മുന്നിലെത്തി ആത്മഹത്യാ ഭീഷണിമുഴക്കി.
മുനമ്പം ജനഹിത ബീച്ച് റോഡ് കോലാട്ടുപുറത്ത് നോജി(40), ഭർത്താവ് ആന്റണി(48) എന്നിവരാണ് സ്റ്റേഷനു മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇന്നലെ ഉച്ചക്ക് 12 ഒാടെ മുനമ്പം പൊലിസ് സ്റ്റേഷന് മുന്നിലായിരുന്നു നാടകീയ രംഗങ്ങൾ. പരിഭ്രാന്തരായ പൊലിസുകാർ ഉടൻതന്നെ മുൻകരുതൽ എന്നോണം പറവൂർ ഫയർഫോഴ്സിനെ അറിയിക്കുകയും ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തുകയും ചെയ്തു. സംഭവമറിഞ്ഞ് മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണൻ സ്ഥലത്തെത്തി ഇവരുമായി സംസാരിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ ഇവർക്ക് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലിസ് ഇവരെ മുനമ്പം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉച്ചയ്ക്കു ശേഷം രണ്ടരയോടെ ആശുപത്രി വിടുകയും ചെയ്തു.
ഇതേ ആവശ്യം ഉന്നയിച്ച് വീട്ടമ്മ ബുധനാഴ്ച പൊലിസ് സ്റ്റേഷനകത്ത് കിടന്ന് പ്രതിഷേധിച്ചിരുന്നു. കുന്നുകര സ്വദേശിയായ അലികുഞ്ഞ് എന്നയാൾ കബളിപ്പിച്ചതായാണ് പരാതി.
Tags :