തകർന്ന ചന്ദനക്കാംപാറ മാവുംതോട് ആനയടിപാലം.
ചന്ദനക്കാംപാറ: വെള്ളപ്പൊക്കത്തിലും മലവെള്ളപാച്ചിലിലും ചന്ദനക്കാംപാറ മാവുംതോട് ആനയടി പാലം തകർന്നിട്ട് ഒരു മാസം പിന്നിടുന്പോഴും കാര്യക്ഷമമായ ബദൽ സംവിധാനം ഒരുക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. വർഷങ്ങൾക്കു മുന്‍പുണ്ടായ മലവെള്ളപാച്ചിലിൽ പാലത്തിന്റെ തൂണുകൾ ചെരിഞ്ഞതു മുതൽ പ്രദേശവാസികൾ പുതിയ പാലത്തിനായി മുറവിളി കൂട്ടി വരുന്നതിനിടെയാണ് ഇക്കഴിഞ്ഞ മഴയിൽ പാലം പൂർണമായും തകർന്നത്.
ഇവിടെ പുതിയ പാലം വേണമെന്ന ആവശ്യം സംബന്ധിച്ച് പാലത്തിന്റെ തൂണുകൾ ചെരിഞ്ഞ സമയത്ത് തന്നെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഒരു മാസം മുന്‍പ് പാലം തകർന്നതിനെ സജീവ് ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. പാലം തകർന്നതിനെ തുടർന്ന് നാട്ടുകാർ തന്നെ പുഴയക്കു കുറുകെ നിർമിച്ച താത്കാലിക പാലമാണ് ഇപ്പോൾ പ്രദേശവാസികൾ പുഴ കടക്കാനായി ആശ്രയിക്കുന്നത്.
പാലം തകർന്നതോടെ ആനയടി ഭാഗത്ത് നിന്നും ചന്ദനക്കാംപാറ ഭാഗത്തെ ടൗണിലും പിഎച്ച്സി ആശുപത്രിയിലും ചെറുപുഷ്പ വിദ്യാലയ മേഖലകളിലേക്കും എത്തേണ്ടവരാണ് കൂടുതൽ ദുരിതത്തിലായത്. എത്രയും പെട്ടെന്ന് പുതിയ പാലം പണിയുക മാത്രമാണ് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനുള്ള ഏകമാർഗം. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കണമെന്ന നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews