അടൂർ: ഏഴംകുളംവഴി ആങ്ങമൂഴിയിലേക്കുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് കാലത്തിന് മുമ്പ് സർവീസ് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് നിർത്തലാക്കിയത്.
അടൂർ ഡിപ്പോയിലെ ബസുകൾ ചെയിൻ സർവീസായിട്ടാണ് പറക്കോട്, കൊടുമൺ, ചന്ദനപ്പള്ളി, പത്തനംതിട്ട, വടശേരിക്കരവഴി ആങ്ങമൂഴി സർവീസ് ആരംഭിച്ചത്.
നാല് ബസുകളാണ് സർവീസ് നടത്തിയിരുന്നത്. സർവീസ് നിലച്ചതോടെ ഏഴംകുളംവഴി പത്തനംതിട്ട ഭാഗത്തേക്ക് നിലവിൽ കെഎസ്ആർടിസി ബസ് സർവീസുകളില്ലാത്ത സ്ഥിതിയാണ്. ഇതുമൂലം ഈ മേഖലയിലെ യാത്രക്കാർക്ക് പ്രിയദർശിനി പദ്ധതിയുടെ ആനുകൂല്യവും ലഭിക്കുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം അടൂരിൽനിന്ന് ഏഴംകുളം വഴി കോന്നി മെഡിക്കൽ കോളജിലേക്കും കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
നിലവിൽ കോന്നി മെഡിക്കൽ കോളജിലേക്ക് പോകേണ്ട ജീവനക്കാരും ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവരും പത്തനംതിട്ടയിലോ പത്തനാപുരം കല്ലുംകടവിലോ എത്തി മറ്റുവാഹനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.
Tags : nattu vishesham Angamoozhi bus service