കോട്ടയം: ജില്ലയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍നിന്നു മുന്‍ഗണന നൽകി പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ എതൊക്കെയാണെന്ന് അറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്.
നിയമസഭയ്ക്കകത്തും പുറത്തും ഇവരുടെ ഇടപെടലുകളിലൂടെ നടപ്പാകാന്‍ ജില്ല കാത്തിരിക്കുന്നതു നിരവധി പദ്ധതികളാണ്. വര്‍ഷങ്ങള്‍ക്കു മുമ്പു തുടങ്ങിയിട്ടും മുന്നോട്ടു പോകാത്ത നിരവധി പദ്ധതികളുണ്ട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍. അടിയന്തരമായി ജില്ലയില്‍ പൂര്‍ത്തികരിക്കേണ്ട പദ്ധതികളില്‍ ചിലത്.
മിനി സിവില്‍
സ്റ്റേഷന്
നിര്‍മിക്കണം
പുതുപ്പള്ളി മണ്ഡലത്തില്‍ പാമ്പാടിയില്‍ മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാമ്പാടി വില്ലേജ് ഓഫീസ് നിര്‍മാണം പൂര്‍ത്തീകരിക്കുക, അയര്‍ക്കുന്നം പഞ്ചായത്തിലെ ഗുര്ഖണ്ട സാരിപാലം പൂര്‍ത്തീകരിക്കുക.
അയര്‍ക്കുന്നം ബൈപാസ് യാഥാര്‍ഥ്യമാക്കുക, അയര്‍ക്കുന്നത്ത് കളിക്കളം നിര്‍മിക്കുക, ടാപ്പുഴ ശുദ്ധ ജല വിതരണപദ്ധതി വിപുലികരിച്ചു മണ്ഡലത്തിലെ ജലക്ഷാമം പരിഹരിക്കുക, മണര്‍കാട്-കിടങ്ങൂര്‍ റോഡ് നവീകരിക്കുക, പാമ്പാടി ബസ് സ്റ്റാന്‍ഡ് ആധുനികവത്കരിക്കുക, പാമ്പാടി ഫയര്‍ സ്റ്റേഷന് പുതിയ മന്ദിരത്തിലേക്ക് മാറ്റുക, മണര്‍കാട്-കിടങ്ങൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുക തുടങ്ങിയവയാണു മണ്ഡലത്തിലെ പ്രധാന ആവശ്യങ്ങള്‍.
പരമ്പരാഗത
തൊഴില്‍മേഖലയെ
ഉയര്‍ത്തണം
വൈക്കത്തെ പരമ്പരാഗത തൊഴില്‍ മേഖലകളായ കയര്‍പിരി, കക്കവാരല്‍, മത്സ്യബന്ധനം, തഴപ്പാഴ നെയ്ത്ത്, കളിമണ്‍പാത്ര നിര്‍മാണം തുടങ്ങിയവയ്ക്കു പുതുജീവന്‍ സമ്മാനിക്കണം. കയര്‍ സഹകരണ സംഘങ്ങളും സ്വകാര്യ സംരംഭകരും പ്രതിസന്ധിയിലായതോടെ തൊഴിലാളികളുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. തഴപ്പായയില്നിന്നു മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സംരഭങ്ങളിലേക്ക് മാറിയാല്‍ പുതുതലമുറയെയും ഈ രംഗത്തേക്ക് ആകര്‍ഷിക്കാനാകും.
മണ്പാത്രനിര്മാണത്തിലേര്പ്പെട്ടിരുന്നവരില് പലരും തൊഴില്‍ പ്രതിസന്ധിമൂലം ചൂള പ്രവര്‍ത്തിപ്പിക്കാനാകാത്ത സ്ഥിതിയിലാണ്. പരമ്പരാഗത തൊഴില്‍ മേഖലയുടെ പുനരുദ്ധാരണത്തിനു നിയുക്ത എംഎല്‍എ കെ. ബിനിമോന്റെ ശക്തമായ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വൈക്കത്തെ പരമ്പരാഗത തൊഴിലാളികള്‍.
പ്രതീക്ഷയില്‍ നെല്‍കര്‍ഷകര്‍
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ജനങ്ങള്‍ നിയുക്ത എംഎല്‍എ നാട്ടകം സുരേഷിനോട് ആവശ്യപ്പെടുന്നത്. നെല്ലിന്റെ പണം രണ്ടു മാസമായിട്ടും കടമായി പോലും അക്കൗണ്ടില്‍ എത്തിയിട്ടില്ല. ഈ അവസ്ഥയ്ക്കു മാറ്റം ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പടിഞ്ഞാറൻ മേഖലയിലെ റോഡുകള്‍ വികസിപ്പിക്കണം. വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത് ഫയര്‍ സ്റ്റേഷനോ ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനോ ഇല്ല. കൃഷിഭവന്, മൃഗാശുപത്രി, മത്സ്യഭവന് എന്നിവയ്ക്ക് സുരക്ഷിതമായ കെട്ടിടമില്ല.
ഏറ്റുമാനൂരിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണേണ്ടതും അടിയന്തരാവശ്യമാണ്. ഉപേക്ഷിച്ച ഫ്ലൈഓവര്‍ പദ്ധതിയെപ്പറ്റി പുനര്‍വിചിന്തനം ആവശ്യമാണ്. റിംഗ് റോഡ്, ഏറ്റുമാനൂര്‍ താലൂക്ക് പുനഃസ്ഥാപനം, ഏറ്റുമാനൂരില്‍ ഫയര്‍ സ്റ്റേഷന് എന്നിവയും പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളാണ്.
പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണം
മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകള്‍ വിഭജിച്ച് പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്നത് പൂഞ്ഞാര്‍ ജനതയുടെ ചിരകാല അഭിലാഷമാണ്. ഈരാറ്റുപേട്ട കുടുബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം.
ജനസാന്ദ്രതയേറിയ നഗരസഭയിലെ ജനങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. വന്യമൃഗശല്യമുള്പ്പെടെയുള്ള മലയോര മേഖലയിലെ ജനകീയ വിഷയങ്ങളില്‍ ശാശ്വത പരിഹാരം കാണണം, ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം, കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണം.
സയന്‍സ് സിറ്റിയുടെ പ്രവർത്തനം
പൂര്ണതോതിലാകണം
കടുത്തുരുത്തി മണ്ഡലത്തില്‍ കുറവിലങ്ങാട്ടെ സയന്‍സ് സിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പൂര്‍ത്തിയാക്കുക, കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുക, കുറുപ്പന്തറയിലെ റെയില്‍വേ മേല്‍പ്പാല നിര്‍മാണം, ആലപ്പുഴ-മധുര മിനി ഹൈവേയില്‍ കുറുപ്പന്തറയിലുള്ള റെയില്‍വേയുടെ ലവല്‍ ക്രോസില്‍ മേല്‍പ്പാലം, മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം, തിരക്കേറിയ കോട്ടയം-എറണാകുളം റോഡിലെ വളവുകള്‍ നിവര്‍ത്തുക, കടുത്തുരുത്തി ടൗണിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുക, കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് പുതിയ മന്ദിരം, കുറുപ്പന്തറ ഉള്‍പ്പെടെയുള്ള ജംഗ്ഷന് വികസനം, കുറവിലങ്ങാട് ടൗണ്‍ ബൈപാസ് എന്നീ ആവശ്യങ്ങളാണു മണ്ഡലത്തിലെ ജനങ്ങള്‍ക്കുള്ളത്.
പടിഞ്ഞാറന്‍
മേഖലയുടെ
വികസനം
ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ മേഖലയുടെ വികസനം സാധ്യമാക്കുന്നതും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുമായി നിര്‍ദേശിക്കപ്പെട്ട പടിഞ്ഞാറന്‍ ബൈപാസ് പദ്ധതി നടപ്പാക്കാനുള്ള നടപടി ആവിഷ്കരിക്കണം. കുട്ടനാടിനെ ചങ്ങനാശേരിയുമായി ബന്ധിപ്പിക്കുന്ന കെസി പാലം നിര്‍മാണം വേഗത്തിലാക്കണം. ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെയും ജനറല്‍ ആശുപത്രിയുടെയും നിര്‍മാണം പൂര്‍ത്തീകരിക്കണം. ചങ്ങനാശേരി റെയില്‍വേ ഫ്ലൈഓവറും പെരുന്തുരുത്തി ബൈപാസിലെ നാലുകോടി മേല്‍പ്പാലവും സാധ്യമാക്കണം. നിയോജകമണ്ഡലത്തിലെ ശുദ്ധജലക്ഷാമം പരിഹാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണം എന്നിവയാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പാലായുടെ
വികസന
സ്വപ്നങ്ങള്‍
പാലായിലെ മുടങ്ങിക്കിടക്കുന്ന സ്വപ്നപദ്ധതിയായ റിവര്‍വ്യു റോഡ് പൂര്‍ത്തീകരണം, കളരിയാമ്മാക്കല് പാലത്തിന് അപ്രോച്ച് റോഡ് നിര്‍മിക്കല്‍, റബര്‍ കര്‍ഷകരെ സഹായിക്കാന്‍ റബര്‍ അധിഷ്ഠിത വ്യവസായം, യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍, ഗതാഗതക്കുരുക്കിന് പരിഹാരമായി സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍നിന്ന് പാലാ വലിയപാലത്തിലേക്ക് ഫ്ലൈഓവര്‍ നിര്‍മാണം, അരുണാപുരം റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി പൂര്‍ത്തിയാക്കല്‍, ജനറല്‍ ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍ എന്നിവയാണു പ്രധാനമായും എംഎല്‍എയെ കാത്തിരിക്കുന്നത്.
ആകാശപാത
പൂര്‍ത്തിയാക്കണം
കോട്ടയം മണ്ഡലത്തില്‍ പ്രഥമ പരിഗണന നൽകി പൂര്‍ത്തിയാക്കേണ്ടത് നഗരമധ്യത്തില്‍ 10 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ആകാശപാതയാണ്. 2016ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണു കോട്ടയം ശാസ്ത്രി റോഡ് ജംഗ്ഷനില്‍ ആകാശപാതയുടെ തറക്കല്ലിട്ടത്. വര്‍ഷങ്ങളായി പൂര്‍ത്തിയാക്കാതെ കിടക്കുന്ന പദ്ധതിയില്‍ നിരവധി വിവാദങ്ങളുമുണ്ടായിരുന്നു. പദ്ധതി പൂര്ത്തീ കരിക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യണം.
നാളുകള്‍ക്കു മുമ്പു വരെ കോട്ടയത്തുനിന്നു നിരവധി കായിക താരങ്ങള്‍ക്കു കരുത്തേകിയത് നെഹ്റു സ്റ്റേഡിയമായിരുന്നു. സ്റ്റേഡിയം ഇന്നു നാശത്തിന്റെ വക്കിലാണ്. മഴക്കാലമായാല്‍ സ്റ്റേഡിയത്തില്‍ വെള്ളം നിറഞ്ഞു കിടക്കും. അതിനാല്‍ നെഹ്റു സ്റ്റേഡിയം നവീകരിച്ചു കായിക താരങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കണം.
ചിങ്ങവനം സ്പോര്‍ട്സ് കോംപ്ലകസ്, കഞ്ഞിക്കുഴി മേല്‍പ്പാലം, നട്ടാശേരി റെഗുലേറ്റര്‍ കം ബ്രിഡ്ജ് തുടങ്ങിയവയും നടപ്പാക്കണം. ഇവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കമെന്നാണ് കോട്ടയം മണ്ഡലത്തിലെ വോട്ടര്‍മാര്‍ എംഎല്‍എയോട് ആവശ്യപ്പെടുന്നത്.
കുരുക്കില്ലാത്ത
കാഞ്ഞിരപ്പള്ളി വേണം
കാഞ്ഞിരപ്പള്ളിക്കാര് വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കില്‍നിന്ന് ശാശ്വത പരിഹാരമാണ് പുതിയ എംഎല്‍എയില്‍നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രധാന നടപടി. കുരിശുങ്കല്‍ ജംഗ്ഷനില്‍ നിന്നു പൂതക്കുഴിവരെ എത്താന്‍ യാത്രക്കാര്‍ ഏറെ കഷ്ടപ്പെടുകയാണ്. കടകളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും ബസില്‍ വരുന്നവര്‍ പലപ്പോഴും ബസുകളില്‍നിന്ന് ഇറങ്ങി നടന്നുപോകുന്ന സ്ഥിതിയാണുള്ളത്.
പ്രധാന ബൈപാസിനൊപ്പം മിനി ബൈപാസ് കൂടി പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയുള്ളൂ.
റബര്‍ കൃഷിയുടെ കേന്ദ്രമായ കാഞ്ഞിരപ്പള്ളിയില്‍ റബര്‍ അധിഷ്ഠിത വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളിയിലെ ബസ് സ്റ്റാന്‍ഡ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും വേണം.
Tags : Appointed MLAs nattuvisheaham local news