മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
ചെങ്ങന്നൂർ: മനുഷ്യജീവിതത്തെയും സാമൂഹിക അന്തരീക്ഷത്തെയും നവീകരിക്കാനുള്ള വലിയ ശേഷിയാണ് സാഹിത്യത്തിനും കലയ്ക്കുമുള്ളതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നാളെയുടെ നന്മയ്ക്കായി നമ്മുടെ സാംസ്കാരിക പാരമ്പര്യം വരുംതലമുറയ്ക്കായി കരുതിവയ്ക്കുകയും സംരക്ഷിക്കുകയും വേണം.
ഈ ദൗത്യത്തിൽ പുസ്തകങ്ങൾ വഹിക്കുന്ന പങ്ക് നിഷേധാത്മകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യൻ എഴുത്തുകാരുടെ മഹാസംഗമമായ പമ്പ-ഫെസ്റ്റിവൽ ഓഫ് ഡയലോഗ്സ് പതിനാലാം പതിപ്പ് ആറാട്ടുപുഴ ദി ചാർലി പമ്പ റെമിനിസൻസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സൗത്ത് ഇന്ത്യൻ റൈറ്റേഴ്സ് എൻസെംബിളിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ പ്രമുഖ എഴുത്തുകാരി ഡോ. സി.എസ്. ലക്ഷ്മി, രാജ്യസഭാംഗവും എഴുത്തുകാരിയുമായ സൽമ, കവി അൻവർ അലി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ടൂറിസം-സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് , പ്രമുഖ സംഗീതജ്ഞൻ ഗോപാലകൃഷ്ണൻ, കെ. രാജഗോപാൽ, ഡോ. ചാർലി ചെറിയാൻ, കോശി സാമുവൽ, കനക വിഷ്ണുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽനിന്നുള്ള പ്രമുഖ എഴുത്തുകാർ, കവികൾ, വിവർത്തകർ, ചലച്ചിത്ര-നാടക പ്രവർത്തകർ, ഗവേഷകർ, കലാകാരന്മാർ എന്നിവരാണ് ഈ സാഹിത്യസംഗമത്തിൽ മാറ്റുരയ്ക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews literature