താമരശേരി:കോഴിക്കോട് മലബാർ ഗോൾഡിൽ നിന്നും വാങ്ങിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് താമരശേരിയിലെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെക്കാനായി എത്തിയ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.
കോഴിക്കോട് സ്വദേശി നൗഷാദ്, താമരശേരി തച്ചംപൊയിൽ സ്വദേശി ഗിരിജ എന്നിവർക്കെതിരേയാണ് കേസെടുത്തത്.നൗഷാദ് കൊടുത്തു വിട്ട വ്യാജ സ്വർണവുമായാണ് ഗിരിജ സ്ഥാപനത്തിൽ എത്തിയത്.താമരശേരി പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സൂര്യാ ഫൈനാൻസ് എന്ന സ്ഥാപനത്തിലാണ് വ്യാജ സ്വർണം പണയം വെക്കാൻ ശ്രമിച്ചത്.
ആഭരണങ്ങളിൽ മലബാർ ഗോൾഡിന്റെ മുദ്രയും പതിച്ചിരുന്നു.ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ പണയം വെക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ സ്ഥാപന ഉടമ വിശദമായി പരിശോധിച്ചപ്പോഴാണ് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ മലബാർ ഗോൾഡ് അധികൃതരെ വിവരമറിയിച്ചു.തങ്ങളുടെ ലോഗോ വ്യാജമായി ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നതിനെതിരെ മലബാർ ഗോൾഡ് അധികൃതർ പോലീസിൽ പരാതി നൽകി.സമാന രൂപത്തിലുള്ള സ്വർണം പണയം വെച്ച് കഴിഞ്ഞ ദിവസം യുവാവ് താമരശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ താമരശേരി ചുങ്കം, തച്ചം പൊയിൽ ബ്രാഞ്ചുകളിൽ നിന്നും 16 ലക്ഷത്തിൽ അധികം രൂപ തട്ടിയെടുത്തിരുന്നു.
സഹകരണ ബാങ്കുകളിലും,സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും വ്യാജ സ്വർണം പണയം വെച്ച് പണം തട്ടുന്ന വൻ സംഘം തന്നെ പ്രവർത്തിച്ചു വരുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Tags : Nattuvishesham Districtnews