സുനി നിസാറിന്റെ വീടിന്റെ മുൻവാതിൽ മോഷ്ടാവ് തകർത്ത നിലയിൽ.
പോത്താനിക്കട്: പല്ലാരിമംഗലം പഞ്ചായത്തിലെ കൂവള്ളൂരിൽ പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ പൊളിച്ച് മോഷണശ്രമം. കൂവള്ളൂർ സ്രാമ്പിക്കൽ സുനി നിസാറിന്റെ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരകൾ പൊളിച്ച് അതിനുള്ളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട് പരിശോധന നടത്തി. അതേസമയം പണമോ സ്വർണാഭരണങ്ങളോ ഒന്നും നഷ്ടപ്പെട്ടില്ല.
രണ്ട് ദിവസമായി സുനി ആശുപത്രിയിലായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സമീപത്ത് മറ്റു വീടുകൾ ഉണ്ടെങ്കിലും ആരും മോഷണശ്രമം അറിഞ്ഞില്ല. കഴിഞ്ഞ ദിവസം രാവിലെയാണ് വാതിൽ തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. പോത്താനിക്കാട് പോലീസിൽ പരാതി നൽകി.