രമേശന്
മുഹമ്മ: ഓട്ടോറിക്ഷാ തൊഴിലാളിയുടെ മൃതദേഹം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടു. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ് രേവതിഭവനത്തിൽ രമേശന്റെ (62) മൃതദേഹമാണ് വീടിനു സമീപത്തെ റോഡിൽ ഇന്നലെ പുലർച്ചെ കാണപ്പെട്ടത്. പുത്തനമ്പലം തോണ്ടാകുളങ്ങരക്ഷേത്രത്തിന് സമീപമുള്ള ബി ബോണ്ട് ജംഗ്ഷനു വടക്ക് ഭാഗത്തുള്ള കടമുറിക്ക് സമീപമാണ് മൃതദേഹം കാണപ്പെട്ടത്.
പുത്തനമ്പലം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ രമേശൻ ദിവസവും രാവിലെ റോഡിൽ നടക്കാൻ ഇറങ്ങുന്നയാളാണ്. മൃതദേഹം കാണപ്പെട്ട സ്ഥലത്തെ കടയുടെ സമീപത്തുനിന്ന് വ്യായാമം ചെയ്ത ശേഷമാണ് നടപ്പ് ആരംഭിക്കുന്നത്. ഇന്നലെ രാവിലെ അഞ്ചരയോടെ നാട്ടുകാരാണ് റോഡിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തതാണോ എന്ന് പോലീസ് സംശയിക്കുന്നു.
രമേശന് സാമ്പത്തിക വിഷമത ഉള്ളതായി അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഭാര്യ ഗീത വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയിരുന്നു. മകൻ രാഹുൽ സൗദിയിൽ ജോലിയാണ്. മരുമകൻ ദീപു സൈനീക ഉദ്യോഗസ്ഥനാണ്. മകൾ രേവതിയും മരുമകൾ ഷാനയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരാണ്.
സംഭവ സ്ഥലത്തുനിന്ന് ലൈറ്റർ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെ കത്തിനശിച്ച നിലയിലാണ്. പെട്രോൾ ഒഴിക്കാൻ ഉപയോഗിച്ച കുപ്പിയോ ടിന്നോ സമീപത്തു നിന്ന് ലഭിച്ചിട്ടില്ല. മുഹമ്മ പോലീസ് അന്വേഷണം ആരം ഭിച്ചു.
Tags : NattuVishesham DistrictNews