ആലുവ: പെരിയാർ തീരത്ത് തുരുത്ത് കുണ്ടൂർ തോടിന് സമീപം പുഴയോരത്ത് പുലിയെ കണ്ടതായി അവകാശവാദം. തുരുത്ത് കൊമ്പത്ത് വീട്ടിൽ അയ്യപ്പൻകുട്ടിയുടെ പറമ്പിന് സമീപമുള്ള പള്ളത്താണ് ഇന്നലെ രാവിലെ എട്ടോടെ പുലിയെ കണ്ടതായി പറയുന്നത്.
തുരുത്ത് ചെറിയ പാലത്തിന് സമീപമുള്ള വീട്ടിൽ നിന്ന് സ്വന്തം വർക്ക്ഷോപ്പിലേക്ക് പോകാനിറങ്ങുമ്പോഴാണ് പുലിയുടേത് പോലുള്ള അലർച്ച അയ്യപ്പൻകുട്ടി കേട്ടത്.
ഉടനെ വീട്ടിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിന്റെ പറമ്പിന്റെ പിന്നാമ്പുറത്ത് പുലിയെ കാണാനിടയായത്. അയൽവാസിയായ അലിക്കുഞ്ഞിനെ വിളിച്ച് സ്ഥലത്ത് എത്തിയപ്പോഴേക്കും പുലി കടന്നുകളഞ്ഞു. അയ്യപ്പൻ കുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭാര്യ സ്വന്തം വീട്ടിൽ പോയിരിക്കുകയായിരുന്നു. രണ്ടാമത്തെ മകൻ വിദേശത്താണ്.
വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ എത്തി പരിശോധനകൾ നടത്തി. വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെങ്കിലും പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ നാട്ടുകാരോട് പറഞ്ഞു. മറ്റെന്തെങ്കിലും സൂചന ലഭിച്ചാൽ പുലിക്കെണി വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആലുവ തുരുത്ത് പാലത്തിനടുത്ത് പ്രവർത്തനം നിലച്ച വിക്ടറി ഓട് ഫാക്ടറിക്ക് സമീപത്തായി കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് പുലിയെ കണ്ടുവെന്ന് അയ്യപ്പൻകുട്ടി പറയുന്നത്. പെരിയാർ നീന്തിക്കടന്ന് പുലി വരാനുള്ള സാധ്യതയാണ് ഉള്ളത്. കുറുക്കന്മാരും കുറുനരികളും യഥേഷ്ടം ഉള്ള മേഖലയാണിതെന്ന് നാട്ടുകാർ പറഞ്ഞു.
എട്ട് വർഷം മുമ്പും...
ആലുവ നഗരത്തിന് മറുകരയിലുള്ള തുരുത്ത് ഗ്രാമത്തിൽ ഇതിന് മുമ്പും പുലിയെ കണ്ടതായി അഭ്യൂഹം പരന്നിട്ടുണ്ട്. 2018 ലെ മഹാ പ്രളയത്തിൽ പുലി ഒഴുകി വന്ന് വിഹരിക്കുന്നതായി തുരുത്തി നിവാസി തന്നെയാണ് കണ്ടതായി അവകാശപ്പെട്ടത്.
തുരുത്ത് എൽ പി സ്കൂളിന് സമീപം പാണ്ടിപ്പുഴ മേഖലയിൽ പുലി നടക്കുന്നതായി കണ്ടെന്നായിരുന്നു അവകാശവാദം. രാത്രി കാലങ്ങളിൽ ജനങ്ങൾ തീപ്പന്തവുമായി കാവൽ നിന്നെങ്കിലും പുലിയെ കണ്ടില്ല.
Tags : Local News Nattuvishesham Ernakulam