സ്വന്തം ലേഖകൻ
തൃശൂർ: നിരത്തുകളിലെ നിയമലംഘനത്തിനു കൂച്ചുവിലങ്ങ് ഇടാനുള്ള ഉദ്യോഗസ്ഥ പരിശോധനകളെച്ചൊല്ലി ബസ് ജീവനക്കാർക്കിടയിൽ കൊമ്പുകോർക്കൽ. പരിശോധനകൾക്കുപിറകിൽ ഏതാനും ബസുടമകളാണെന്ന് ആരോപിച്ച് അവർക്കെതിരേ ഒരുവിഭാഗം ബസ് ജീവനക്കാർ നടത്തുന്ന വെല്ലുവിളികളും സമൂഹമാധ്യമത്തിൽ സജീവമാകുന്നു.
തുടർച്ചയായ അപകടങ്ങളെതുടർന്ന് ജില്ലാ കളക്ടറടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് പോലീസ്, ആർടിഒ എൻഫോഴ്സ്മെന്റ് ഫോഴ്സ് ഉൾപ്പെടെയുള്ളവർ സ്വകാര്യബസുകൾ ഉൾപ്പെടെയുള്ളവയുടെ നിയമലംഘനങ്ങൾക്കെതിരേ കർശനനടപടി സ്വീകരിക്കുന്നത്. എന്നാൽ, പലരും പിഴയും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നിയമനടപടികൾ നേരിടുമ്പോഴും അതേ ബസുകൾ വീണ്ടും നിയമലംഘനം തുടരുകയാണ്.
റൂട്ട് ലംഘനവും വഴികളിൽ യാത്രക്കാരെ ഇറക്കിവിടലും അമിതവേഗവും ഉൾപ്പെടെ നിരവധി പരാതികൾ ഉയരുന്നതിനിടെയാണ് ബസ് ജീവനക്കാരിൽ പടലപ്പിണക്കങ്ങൾക്കും പ്രശ്നങ്ങൾക്കും വഴിതുറന്നത്.
ബസുകൾക്കെതിരേ വീണ്ടും നടപടികളുമായി ഉദ്യോഗസ്ഥർ രംഗത്തുവന്നാൽ, ഒറ്റിക്കൊടുക്കുന്ന ജീവനക്കാരെ കുടുക്കാൻ ബസുകളിൽ പലതും കൊണ്ടുവന്നിടുമെന്നും കുടുക്കുമെന്നും അതിനുള്ള ആളുകൾ ഒപ്പമുണ്ടെന്നും ബസുകൾ കട്ടപ്പുറത്തു കയറ്റുമെന്നും അടക്കമുള്ള ഭീഷണികളാണ് ഉയരുന്നത്.
നിയമം നടപ്പാക്കും; ആരും വിഷമിച്ചിട്ടു
കാര്യമില്ല: പി.വി. ബിജു
തൃശൂർ: പിടിച്ച കേസുകൾ എല്ലാംതന്നെ നിയമംലംഘങ്ങൾ നടത്തിയവയാണ്. അതിന്റെ പേരിൽ ആരെങ്കിലും ആരെയെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർക്കു പോലീസിനെ സമീപിക്കാമെന്ന് തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് ഫോഴ്സ് എംവിഡി ഇൻസ്പെക്ടർ പി.വി. ബിജു പറഞ്ഞു.
എംവിഡിയെ സംബന്ധിച്ച് നിയമലംഘനം തടയുകയും പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ബസുടമകളുടെ പ്രവൃത്തികൾ തടയുകയുമാണ് ലക്ഷ്യം. എന്തുവിലകൊടുത്തും നിയമം നടപ്പാക്കും. അതിൽ ആരു വിഷമിച്ചിട്ടും കാര്യമില്ല. സംഘടനകളുടെ ബലത്തിൽ കുറേപ്പേർ സംഘംചേർന്ന് നിയമലംഘനം നടത്തുന്നത് അനുവദിക്കാനാകില്ല. റോഡപകടങ്ങൾ കുറയ്ക്കുകയും അപകടമരണം കുറയ്ക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Tags : Bus crew clash nattuvisesham locl news