തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ ജേതാക്കളായ ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ
മാള: മൂന്നുനാൾ നീണ്ട തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. മാള ഹോളിഗ്രേസ് അക്കാദമി രണ്ടാംസ്ഥാനവും മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ മൂന്നാംസ്ഥാനവും നേടി.
കഴിഞ്ഞവർഷത്തെ കലാകിരീടം നിലനിർത്തിയ എസ്.എൻ. വിദ്യാഭവൻ ഇക്കുറി 1140 പോയിന്റ് നേടി. രണ്ടാംസ്ഥാനം നേടിയ ഹോളി ഗ്രേസിന് 1002 പോയിന്റും മൂന്നാംസ്ഥാനം നേടിയ ഡോ. രാജു ഡേവിസ് സ്കൂളിനു 967 പോയിന്റും ലഭിച്ചു.
ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളാണ് നാലാംസ്ഥാനത്ത് - 791 പോയിന്റ്. അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂൾ 739 പോയിന്റോടെ അഞ്ചാംസ്ഥാനം നേടി.
ജേതാക്കൾക്കു സമാപനസമ്മേളനത്തിൽ ഓൾ കേരള സഹോദയ കോൺഫെഡറേഷൻ സംസ്ഥാനസെക്രട്ടറി ഡോ. ദീപ ചന്ദ്രൻ ട്രോഫികൾ സമ്മാനിച്ചു. തൃശൂർ സെൻട്രൽ സഹോദയ ചീഫ് പേട്രൺ ഡോ. രാജു ഡേവിസ് അധ്യക്ഷത വഹിച്ചു.
ഏകാഭിനയ വേദിയിൽ
താരങ്ങളായി അന്നയും ആയുഷയും സമന്വയും ഒപ്പം ടീച്ചറും
മാള: സെൻട്രൽ സഹോദയ കലോത്സവത്തിന്റെ ഏകാഭിനയ വേദിയിൽ താരങ്ങളായി അന്നയും ആയൂഷിയും സമന്വയും ഒപ്പം ഇരുവരുടെ പരിശീലകയായ റുബീന അമീറും.
കാറ്റഗറി നാലിൽ വാശിയേറിയ മത്സരത്തിനൊടുവിലാണ് അന്ന എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. ആയുഷി അനൂപ് കാറ്റഗറി മൂന്നിൽ ഒന്നാംസ്ഥാനം നേടി.
സമന്വയ കാറ്റഗറി രണ്ടിൽ ഏകാഭിനയത്തിൽ ഒന്നാംസ്ഥാനം നേടി.
അങ്കമാലി മൂഴിക്കുളത്ത് അമ്മ തന്റെ കുഞ്ഞിനെ ചാലക്കുടിപ്പുഴയിലേക്ക് എറിഞ്ഞതിന്റെ ആത്മനൊമ്പരത്തിന്റെ ആവിഷ്കരണമായിരുന്നു അന്ന നടത്തിയത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സ്മരണകൾ എന്ന നോവലിലെ നെൽസൺ മണ്ടേലയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ദൃശ്യാവിഷ്കാരമായിരുന്നു ആയുഷി അവതരിപ്പിച്ചത്. ലഹരിയും ലഹരിക്കെതിരെയുള്ള പോരാട്ടവുമായിരുന്നു സമന്വയ യുടെ അവതരണ വിഷയം.
ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥികളായ മൂവരെയും ഏകാഭിനയം പഠിപ്പിച്ചത് സ്കൂളിലെ അധ്യാപികയായ റുബീന അമീറാണ്. കോഴിക്കോട് നടന്ന സംസ്ഥാന മോണ്ടിസോറി കലോത്സവത്തിൽ ഏകാഭിനയത്തിൽ ഒന്നാംസ്ഥാനവും സഹോദയ അധ്യാപക കലോത്സവത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട് റുബീന.
Tags : Sahodaya Kalotsavam nattuvisesham local news