വടക്കഞ്ചേരി: കേരകർഷകർക്ക് ആശ്വാസമായി നാളികേരവില ഉയർന്നു. ഒരുമാസംമുമ്പ് കിലോയ്ക്ക് 32 രൂപ വരെ താഴ്ന്ന നാളികേരവില ഇപ്പോൾ 55 രൂപയായി ഉയർന്നു.
ചില്ലറ വില്പനവില പലയിടത്തും 60 രൂപയും കടന്നിട്ടുണ്ട്. ഓണവിപണി ആരംഭിച്ചതിന്റെ പ്രതിഫലനംകൂടി ഈ വർധനവിലുണ്ടെന്നു നാളികേര വ്യാപാരിയായ വാൽക്കുളമ്പ് സജി പറഞ്ഞു.
യുദ്ധഭീതിക്ക് അയവുവന്നതും നാളികേരത്തിന്റേയും നാളികേര ഉത്പന്നങ്ങളുടെയും കയറ്റുമതി തുടങ്ങിയതും വിലവർധനവിനു കാരണമാണ്.
മഴയ്ക്കുമുമ്പും ഭേദപ്പെട്ട വിലയുണ്ടായിരുന്നതിനാൽ അധികമാരും നാളികേരം സ്റ്റോക്ക് ചെയ്തിരുന്നില്ല. ഇതു നാളികേരക്ഷാമത്തിനും കാരണമാക്കിയിട്ടുണ്ട്.
നാളികേരം തെങ്ങിൽനിന്ന് ഇടാനും പൊളിക്കാനും ആളെക്കിട്ടാതെ മഴയ്ക്കുമുമ്പ് വിൽക്കാൻ കഴിയാത്തവർ ഇപ്പോൾ വില ഉയർന്നതിനെ തുടർന്ന് വില്പന നടത്തുന്ന തിരക്കുകളിലാണ്. ഇതിനാൽ മഴക്കാലത്തും നാളികേരം പൊളിക്കുന്നവർക്കും പണിയുണ്ട്.
കർണാടകയിലുംമറ്റും നിരവധി നാളികേര പൗഡർ കമ്പനികൾ സജീവമായതും കേരളത്തിലെ വടക്കൻ ജില്ലകളിൽനിന്നും കർണാടകയിലേക്കും വലിയതോതിൽ നാളികേരം കയറ്റി പോകുന്നതും വിലവർധനക്കും ക്ഷാമത്തിനും വഴിവച്ചിട്ടുണ്ടെന്നു വ്യാപാരികൾ പറയുന്നു.
ഭാരിച്ച തെങ്ങ് പരിചരണച്ചെലവുകളും തെങ്ങുകൃഷിയിൽനിന്നും കർഷകരെ പുറകോട്ടടിപ്പിക്കുന്നുണ്ട്. തെങ്ങുകളിൽ വ്യാപകമായ വെള്ളീച്ച രോഗവും നാളികേര ഉത്പാദനം ഗണ്യമായി കുറച്ചു.