പ്രതീകാത്മക ചിത്രം
പുനലൂർ: ചെമ്മന്തൂരിൽ പെർമിറ്റില്ലാതെ നിലം നികത്താനെത്തിയ ടിപ്പർ ലോറി റെവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ സ്വാധീനത്തെ തുടർന്ന് തടഞ്ഞ ലോറി ഉയർന്ന റവന്യൂ ഉദ്യോഗസ്ഥനെത്തി പിന്നീട് വിട്ടയച്ചു. പെർമിറ്റില്ലാതെ നിലം നികത്തിയ വാഹനം തടഞ്ഞിട്ടും ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് വാഹനം വിട്ടയച്ച സംഭവത്തിൽ തഹസിൽദാർ വില്ലേജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സംഭവം. ചെമ്മന്തൂരിൽ പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപം ഹോമിയോ ആശുപത്രിയോട് ചേർന്നുള്ള റോഡിന് എതിർവശത്തെ നിലംനികത്തലാണ് വിവാദമായത്. രാഷ്്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിലാണ് പോലീസ് സ്റ്റേഷന് മീറ്ററുകൾ മാത്രം അകലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് പട്ടാപ്പകൽ വയൽ നികത്തൽ തുടർന്നത്. ഇതിനകം തന്നെ നിരവധി ലോഡ് മണ്ണ് ടിപ്പറുകളിലെത്തിച്ച് വയലിൽ നികത്തിയിരുന്നു. വിവരം ലഭിച്ചതിനെ തുടർന്നാണ് റെവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരെ കണ്ട് മണ്ണടിക്കാനെത്തിയ ടിപ്പർ ലോറിയുമായി ജീവനക്കാർ കടന്നുകളയാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് വാഹനം തടയുകയായിരുന്നു.
വാഹനം തടഞ്ഞ് രേഖകൾ പരിശോധിച്ചപ്പോൾ മണ്ണിറക്കുന്നതിന് ആവശ്യമായ പെർമിറ്റ് ഉണ്ടായിരുന്നില്ല. വിളക്കുടി പഞ്ചായത്തിലെ പെർമിറ്റാണ് ടിപ്പർ ജീവനക്കാർ കാണിച്ചത്. തുടർന്ന് വില്ലേജിലെ മറ്റൊരു ഉദ്യോഗസ്ഥനെത്തി തടഞ്ഞ ടിപ്പർ ലോറി വിട്ടയയ്ക്കുകയായിരുന്നു.
അടുത്തിടെ പുനലൂരും പരിസരത്തും നിലം നികത്താനും കുന്നിടിക്കാനുമായി ഒരു പ്രത്യേക ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്. വിവിധ രാഷ്്ട്രീയ യുവജന സംഘടനകളിലെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലുള്ള ലോബിയാണ് മണ്ണ് മാഫിയ സംഘത്തിന് പിന്നിൽ. പുനലൂരിലെ ഉന്നത രാഷ്്ട്രീയ ഉദ്യോഗസ്ഥ ബന്ധങ്ങളും ഉപയോഗപ്പെടുത്തിയാണ് അനധികൃത വയൽ നികത്തലും കുന്നിടിച്ച്കടത്തലും പുരോഗമിക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ നേരിടാനായി എന്തിനും തയാറായ ക്രിമിനൽ സംഘങ്ങളെയും ഒപ്പം കൂട്ടിയാണ് ലോബിയുടെ പ്രവർത്തനം.
അടുത്ത കാലത്തായി പുനലൂർ നഗരം കേന്ദ്രീകരിച്ച് രൂപപ്പെട്ട സംഘത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കളുടെയും ഉദ്യോഗസ്ഥരുടേയും പിന്തുണയും സഹകരണവും ലഭിക്കുന്നുണ്ടെന്നാണ് വിവരം. രേഖകളില്ലാതെ മണ്ണുമായി എത്തിയ ടിപ്പർ ലോറി പിടിച്ചെടുത്തിട്ടും വിട്ടയച്ച നടപടി ഇക്കാര്യത്തിൽ ചില റെവന്യൂ ഉദ്യോഗസ്ഥർക്കുള്ള പങ്കും കൂട്ടുകച്ചവടവുമാണ് വെളിവാക്കുന്നത്.
Tags : Revenue Department excise NattuVishesham DistrictNews