ആറ്റിങ്ങൽ: കരിഞ്ചന്തയിലെ വിദേശ മദ്യ വില്പന വ്യാപകമാകുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ അനധികൃത മദ്യ വില്പന സംഘം സജീവമാകുന്നു.
മാഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നും വാങ്ങിക്കൊണ്ടുവന്നു മറിച്ചു വിൽക്കുന്നവരും മദ്യവില്പനശാല അവധി ദിവസങ്ങളിൽ ഉയർന്ന വിലയ് ക്ക് വിൽക്കാൻ വേണ്ടി മദ്യം ശേഖരിച്ചുവച്ചു വയ്ക്കുന്നവരുമുണ്ട്. ഇത്തരം അനധികൃത മദ്യ വില്പനക്കാർ വഴി വ്യാജമദ്യം വിപണിയിൽ എത്തുവാനുള്ള സാധ്യത ഏറെയാണ്. ഇത് ആശങ്ക വർധിപ്പിക്കുന്നു.
എക്സൈസ് പരിശോധനകളിൽ നിരന്തരം അനധികൃത വിദേശ മദ്യ വില്പനക്കാരെ പിടികൂടുന്നുണ്ട്. നിയമനടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പിടിക്കപ്പെടുന്നവർ വീണ്ടും ഇതേ രംഗത്ത് കടന്നു വരുന്നതാണ് പതിവ്. സമീപ ദിവസങ്ങളിൽ വർക്കല ചിറയിൻകീഴ് എക്സൈസ് അംഗങ്ങൾ നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷമീർഖാനും പാർട്ടിയും നാവായിക്കുളം കിഴക്ക നേല ഭാഗത്ത് നടത്തിയ പരിശോധനയിൽ ഡ്രൈഡേ ദിവസം മദ്യം വില്പന നടത്തിയ കുറ്റത്തിന് അശോകൻ എന്ന ആളെ 8.7 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് എകസൈസ് റേഞ്ചിനു കീഴില്‍ ഡ്രൈ ഡേ പരിശോധനയിൽ 107 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കിഴുവിലം പുകയിലത്തോപ്പ് കുറക്കട എന്നീ ഭാഗങ്ങളില്‍ നടന്ന റെയ്ഡിലാണ് കൊടുവാറക്കോണം പണയില്‍ വീട്ടില്‍ വിജയകുമാറില്‍ നിന്ന് 3.5 ലിറ്ററും അഞ്ചുതെങ്ങ് മണ്ണാര്‍ക്കുളം ചായക്കൂടി പുരയിടം വീട്ടില്‍ സെലിനിൽ നിന്ന് 50 ലിറ്ററും അഞ്ചുതെങ്ങ് മണ്ണാര്‍ക്കുളം ചായക്കുടിപുരയിടത്തില് മേബിള്‍ റോബര്‍ട്ടില്‍ നിന്ന് 54 ലിറ്ററും മദ്യം പിടികൂടിയത്. ചിറയിന്‍കീഴ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഡി. സന്തോഷിന്റെ നേതൃ ത്വത്തിലായിരുന്നു റെയ്ഡ്.